മരംമുറി വിവാദം; വിശദമായി ചര്‍ച്ച ചെയ്യാന്‍ സിപിഐ, സംസ്ഥാന നേതൃയോഗം വിളിക്കും

തിരുവനന്തപുരം: വനം കൊള്ളയുമായി ബന്ധപ്പെട്ട് പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ അടക്കം ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യാന്‍ സിപിഐ തീരുമാനം.സംസ്ഥാന നേതൃയോഗം വിളിക്കും.

വനം കൊള്ളയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിലാണ് വീഴ്ചയുണ്ടായതെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും സിപിഐ നേതൃത്വത്തിന്റെ വീഴ്ച കൂടി പരിശോധിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

വിവാദങ്ങളില്‍ നേതൃത്വം വ്യക്തത വരുത്തണമെന്ന അവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃയോഗം വിളിക്കാനുള്ള നീക്കം. മുട്ടില്‍ വനം കൊള്ളയുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സര്‍ക്കാരിലെ സിപിഐ കൈകാര്യം ചെയ്ത വനം, റവന്യൂ വകുപ്പുകള്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്.

അതേസമയം റവന്യൂഭൂമിയിലെ മരംമുറി ഉത്തരവ് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ്വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കിയത്. ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മരംകൊള്ള അന്വേഷിക്കുന്നത്.

വയനാട് മാത്രമല്ല സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ റവന്യൂവകുപ്പിന്റെ ഉത്തരവ് മറയാക്കി വ്യാപകമായ മരമുറി നടന്നിട്ടുണ്ടെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് വനം ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുന്നത്. വനം നിയമങ്ങളുടെ ലംഘനവും, അഴിമതിയും ഗൂഡാലോചനയും സംഘം അന്വേഷിക്കും.

 

Top