രക്ഷിതാക്കള്‍ പൗരത്വ പട്ടികയില്‍, കുട്ടികള്‍ തടവില്‍; ഇവരെ വേര്‍പിരിക്കില്ലെന്ന് കേന്ദ്രം

സ്സാമിലെ പൗരത്വ രജിസ്റ്ററില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടുകയും, അവരുടെ കുട്ടികള്‍ ഉള്‍പ്പെടാതെ പോകുകയും ചെയ്ത വിഷയത്തില്‍ കേന്ദ്രനിലപാട് വ്യക്തമാക്കി അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍. പട്ടികയില്‍ ഉള്‍പ്പെടാത്ത കുട്ടികളെയും, അവരുടെ രക്ഷിതാക്കളെയും വേര്‍പിരിക്കില്ലെന്ന് കെ.സി വേണുഗോപാല്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി.

പൗരത്വം വ്യക്തമാക്കാന്‍ കഴിയാത്ത 60 കുട്ടികള്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നതായി പരാതിപ്പെട്ട് ഒരു നോണ്‍പ്രോഫിറ്റ് സംഘടനയാണ് കോടതിയെ സമീപിച്ചത്. ഈ 60 കേസുകളില്‍ കുട്ടികളുടെ ഒരു രക്ഷിതാവോ, രണ്ട് പേരുമോ പൗരത്വ രജിസ്റ്ററില്‍ ഇടംനേടിയിട്ടുള്ളതായി പരാതിയില്‍ പറയുന്നു. എന്നാല്‍ പൗരത്വ പരീക്ഷണത്തില്‍ വിജയിക്കാന്‍ കഴിയാതെ വന്നതോടെ ഈ കുട്ടികളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

‘കുട്ടികളെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നത് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മാതാപിതാക്കള്‍ക്ക് ദേശീയ പൗരത്വ രജിസ്റ്ററില്‍ പൗരത്വം ലഭിക്കുമ്പോള്‍ കുട്ടികളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റില്ല’, അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ഭേദഗതി ചെയ്ത പൗരത്വ നിയമം അനുസരിച്ച് 2004ന് ശേഷം ഇന്ത്യയില്‍ ജനിച്ച കുട്ടികള്‍ ഇന്ത്യന്‍ പൗരന്‍മാരായി പരിഗണിക്കാന്‍ മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരത്വം ഉള്ളവരായിരിക്കണം. ഏതെങ്കിലും ഒരു രക്ഷിതാവ് ഇന്ത്യന്‍ പൗരന്‍ അല്ലെങ്കില്‍ കുട്ടി ജനിക്കുമ്പോള്‍ ഇവര്‍ അനധികൃത കുടിയേറ്റക്കാര്‍ ആകാന്‍ പാടില്ലെന്നാണ് നിബന്ധന.

Top