മഹാരാഷ്ട്രയില്‍ തര്‍ക്കം മുറുകുന്നു; വിട്ട് വീഴ്ചയ്ക്കില്ല , മുഖ്യമന്ത്രി പദത്തില്‍ ഉറച്ച് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ തര്‍ക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത്. പാര്‍ട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ബിജെപിയില്ലാതെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കും എന്ന് ഉദ്ദവ് താക്കറെപറഞ്ഞിട്ടുണ്ടെങ്കില്‍ അതങ്ങനെ തന്നെയായിരിക്കും. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ ശിവസേനയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. 50:50 ഫോര്‍മുലയിലാണ് സംസ്ഥാനത്തെ ജനങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ബിജെപിക്ക് അന്ത്യശാസനമൊന്നും നല്‍കുന്നില്ല. അവര്‍ വലിയ ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.

കേവല ഭൂരിപക്ഷത്തില്‍ നിന്നും 40 എം.എല്‍.എമാരുടെ കുറവാണ് ബി.ജെ.പിക്കുള്ളത്. ഇതാണ് 56 സീറ്റുള്ള ശിവസേനയെ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരണത്തിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയത്.

Top