ന്യൂഡല്‍ഹിയില്‍ കെജ്രിവാള്‍ തോല്‍ക്കുമോ? അത് സംഭവിച്ചാലും അത്ഭുതം വേണ്ട! കപില്‍ മിശ്ര

ല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രണ്ടാമത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലവുമാണ്. എന്നാല്‍ ആം ആദ്മി വിമത എംഎല്‍എ കപില്‍ മിശ്ര ഇത് വിശ്വസിക്കുന്നില്ല. തന്റെ മുന്‍ മേധാവിക്ക് എതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച മിശ്ര ന്യൂ ഡല്‍ഹി സീറ്റില്‍ കെജ്രിവാള്‍ തോറ്റാല്‍ ആരും അത്ഭുതപ്പെടേണ്ടെന്നും പ്രഖ്യാപിച്ചു.

‘ജനഹിതം ബിജെപിക്ക് ഒപ്പമാകും. അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം അറിയാം. ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാള്‍ തോറ്റാലും ഒട്ടും അത്ഭുതം വേണ്ട’, കപില്‍ മിശ്ര പ്രതികരിച്ചു. അന്തിമഘട്ട പോളിംഗ് ശതമാനം പ്രഖ്യാപിക്കാന്‍ വൈകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത കെജ്രിവാളിനെ മുന്‍ ആം ആദ്മി അംഗം വിമര്‍ശിച്ചു.

എഎപി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ മിശ്ര ഇപ്പോള്‍ ബിജെപി അംഗമാണ്. ‘തെരഞ്ഞെടുപ്പ് കമ്മീഷനും, വോട്ടിംഗ് മെഷീനും നേരെ എഎപി വിരല്‍ ചൂണ്ടുന്നത് ആശങ്കപ്പെടുത്തുന്നു. ഡല്‍ഹിയിലെ ജനങ്ങളുടെ മനസ്സ് അവര്‍ക്കും അറിയാം. ബിജെപി വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മനസ്സിലാക്കിയാണ് ഈ നീക്കം’, മിശ്ര പറയുന്നു.

ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാളിന് എതിരെ സുനില്‍ യാദവാണ് ബിജെപി സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതിന് മുന്നോടിയായി വോട്ടിംഗ് മെഷീനുകളെ കുറ്റം പറയാന്‍ കളമൊരുക്കുകയാണ് കെജ്രിവാള്‍, മിശ്ര ആരോപിച്ചു.

Top