വനിതാ ക്രിക്കറ്റ് ലോകകപ്പ്, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍

ബ്രിസ്റ്റോള്‍: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ രണ്ടു വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ആദ്യ സെമിയില്‍ ആവേശത്തോടെ പൊരുതിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ പെണ്‍കുട്ടികള്‍ പിടിച്ച് നില്‍ക്കാനായില്ല.

വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ സെമിയിലെ വിജയികളെ ഇംഗ്ലണ്ട് ഫൈനലില്‍ നേരിടും. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 218 റണ്‍സ് നേടിയത്. ഓപ്പണര്‍ ലോറ വോള്‍വാര്‍ഡ്തിന്റെയും (66) മിഗ്‌നോണ്‍ ഡു പ്രെസിന്റെയും (പുറത്താകാതെ 76) അര്‍ധ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മാന്യമായ സ്‌കോര്‍ നല്‍കിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. എന്നാല്‍ നാലാം വിക്കറ്റില്‍ സാറാ ടെയ്ലറും (54) ഹീഥര്‍ നൈറ്റും (30) ചേര്‍ന്ന് ഇംഗ്ലണ്ടിനെ സുരക്ഷിത തീരത്തേക്കു നയിച്ചു. രണ്ടു വിക്കറ്റിന് 139 എന്ന നിലയിലാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നീട് ദക്ഷിണാഫ്രിക്ക കളിയില്‍ പിടിമുറുക്കി.

അവസാന ഓവറില്‍ മൂന്നു റണ്‍സായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ എട്ടാം വിക്കറ്റും നഷ്ടമായതോടെ വെള്ളക്കാരുടെ നില പരുങ്ങലിലായി. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ കളത്തിലെത്തിയ അനിയ നേരിട്ട ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തിയതോടെ ജയം ഇംഗ്ലണ്ട് പക്ഷത്തായി.

Top