“സ്ത്രീയുടെ കന്യകാത്വം സീല്‍ ചെയ്ത പാനീയം പോലെ” ; വിവാദപ്രസ്താവനയുമായി അധ്യാപകന്‍

കൊല്‍ക്കത്ത: സ്ത്രീയുടെ കന്യകാത്വത്തെ സീല്‍ ചെയ്ത പാനീയത്തോടും ബിസ്‌ക്കറ്റ് പാക്കറ്റിനോടും ഉപമിച്ച ജാവദ്പൂര്‍ സര്‍വകലാശാല പ്രൊഫസര്‍ വിവാദത്തില്‍. കനക് സര്‍ക്കാര്‍ എന്ന പ്രൊഫസറാണ് സ്ത്രീവിരുദ്ധ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ചത്.

“സീല്‍ ചെയ്യാത്ത തണുത്ത പാനീയമോ ബിസ്‌കറ്റ് പാക്കറ്റോ വാങ്ങാന്‍ നിങ്ങള്‍ തയ്യാറാണോ. നിങ്ങളുടെ ഭാര്യയുടെ കാര്യത്തിലും ഇതു തന്നെയാണ്. ഒരു പെണ്‍കുട്ടി ജനിക്കുന്നത് മുതല്‍ സീല്‍ ചെയ്ത് വച്ചിരിക്കുന്നത് പോലെയാണ്. ഒരു കന്യകയായ പെണ്‍കുട്ടി എന്നാല്‍ സംസ്‌കാരം, മൂല്യങ്ങള്‍, ലൈംഗിക ശുചിത്വം എന്നിവയെല്ലാം ഉള്‍പ്പെടുന്നു. കൂടുതല്‍ ആണ്‍കുട്ടികള്‍ക്കും കന്യകയായ ഭാര്യയെന്നാല്‍ മാലാഖയെപ്പോലെയാണ്”- സര്‍ക്കാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ സര്‍ക്കാറിന്റെ പ്രസ്താവനകളില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാറിന്റെ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്നും അദ്ധ്യാപകനെന്ന നിലയില്‍ തരംതാഴ്ന്നുപോയെന്നുമായിരുന്നു പലരും തുറന്നടിച്ചത്. തന്റെ വ്യക്തിപരമായ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു.

Top