സൗദിയില്‍ വനിത കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന : വന്‍ ക്രമക്കേട്

റിയാദ്: സൗദിയില്‍ വനിത കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പതിനായിരത്തോളം നിയമ ലംഘനങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ എട്ട് മാസത്തോളമായി വനിതാ കച്ചവട സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് മൂന്നാംഘട്ട വനിതാവല്‍ക്കരണം നിലവില്‍ വന്നത്.

സ്ത്രീകളുപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങളാണ് മൂന്നാംഘട്ട വനിതാവല്‍ക്കരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിശാ വസ്ത്രങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍, പര്‍ദ്ദകള്‍, ലേഡീസ് ആക്‌സസറീസ് തുടങ്ങിയവയുടെ ഒറ്റപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളേയും ഈ ഗണത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ സൗദി വനിതകളാണ് ജോലി ചെയ്യേണ്ടത്. വിദേശ വനിതകളോ പുരുഷന്‍മാരോ ജോലിചെയ്യുന്നത് നിയമ ലംഘനമാണ്. ഇത്തരം നിയമലംഘനത്തിന് ആളൊന്നിന് 20,000 റിയാലാണ് പിഴചുമത്തുന്നത്.

പ്രാദേശിക തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം ഉയര്‍ത്തുന്നതിനും, സ്വകാര്യ മേഖലയിലെ തൊഴിലുകള്‍ സ്വീകരിക്കുന്നതിന് സ്ത്രീകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വനിതാ ജീവനക്കാര്‍ക്ക് ഗതാഗത സഹായവും ശിശുപരിചരണ സ്ഥാപനങ്ങളിലെ ചെലവുകള്‍ക്കായി പ്രത്യേക ധനസഹായവും മന്ത്രാലയം നടപ്പാക്കിവരുന്നുണ്ട്.

പരിശോധനയില്‍ 87 ശതമാനം സ്ഥാപനങ്ങളും സൗദിവല്‍ക്കരണവും വനിതാ വല്‍ക്കരണവും നടപ്പിലാക്കിയതായും 13 ശതമാനം സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ (5,272) അയ്യായിരത്തിലധികം സ്ഥാപനങ്ങള്‍ സൗദിവല്‍ക്കരണം പാലിക്കാത്തതും , മൂവായിരത്തിലധികം (3,399) സ്ഥാപനങ്ങള്‍ വനിതാവല്‍ക്കരണം നടപ്പിലാക്കാത്തതുമാണെന്ന് തൊഴില്‍സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.

Top