വനിതാ ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസില്‍ നടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍ പ്രീത് കൗറാണ് പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. സൂപ്പര്‍ താരം സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. സീനിയര്‍ താരം മിഥാലി രാജും ടീമിലുണ്ട്. ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്മൃതി മന്ദാനയും, മിഥാലി രാജും ചേര്‍ന്നാകും ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുന്നത്. ടീനേജ് സെന്‍സേഷന്‍ ജെമീമ റൊഡ്രീഗസ്, ഹര്‍മന്‍പ്രീത് കൗര്‍, എന്നിവര്‍ പിന്നാലെ ബാറ്റിംഗിനിറങ്ങും. മികച്ച ഫോമിലുള്ള ടാനിയ ബിഷ്ടാണ് വിക്കറ്റ് കാക്കുന്നത്.

പൂനം യാദവ്, രാധ യാദവ്, ഏക്ത ബിഷ്ട് തുടങ്ങിയ സ്പിന്നര്‍മാരും, മാന്‍സി ജോഷി, അരുന്ധതി റെഡ്ഡി എന്നീ പേസര്‍മാരും അനുജ പാട്ടീല്‍, ദീപ്തി ശര്‍മ്മ എന്നീ ഓള്‍ റൗണ്ടര്‍മാരും ടീമിലുണ്ട്. കരുത്തരായ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ നവംബര്‍ 9 ന് നടക്കുന്ന പോരാട്ടത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് യാത്ര ആരംഭിക്കുന്നത്.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം:

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, മിഥാലി രാജ്, ജെമീമ റൊഡ്രീഗസ്, വേദ കൃഷ്ണമൂര്‍ത്തി, ദീപ്തി ശര്‍മ്മ, ടനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, അനുജ പാട്ടീല്‍, ഏക്താ ബിഷ്ട്, ഡി ഹേമലത, മാന്‍സി ജോഷി, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി.

Top