വനിതാ ടി20 ലോകകപ്പ്: സെമി ഉറപ്പിക്കാന്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യ

കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. രാധാ യാദവ് പുറത്തായി. ദേവിക വൈദ്യ ടീമിലെത്തി. ഗ്രൂപ്പ് ബിയില്‍ മുഴുവന്‍ മത്സരങ്ങളും തോറ്റ് അയര്‍ലന്‍ഡും ഒരു മാറ്റം വരുത്തി. ജെയ്ന്‍ മഗൈ്വറിന് പകരം ജോര്‍ജിന ഡെംപ്‌സി ടീമിലെത്തി.

ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ത്യക്ക് സെമി ഉറപ്പാക്കാം. ഇതേ ഗ്രൂപ്പിലുള്ള ഇംഗ്ലണ്ട് സെമി ഉറപ്പിച്ചിരുന്നു. പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. പാകിസ്ഥാനേയും വെസ്റ്റ് ഇന്‍ഡീസിനേയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക. നാല് മത്സങ്ങള്‍ പൂര്‍ത്തിയാക്കിയ വെസ്റ്റ് ഇന്‍ഡീസിന് നാല് പോയിന്റാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ജയിച്ചാല്‍ മാത്രം മതി. ഇംഗ്ലണ്ടിന് അവസാന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളി. ഇന്ത്യ ഇന്ന് ജയിച്ചാല്‍ പാകിസ്ഥാനും വിന്‍ഡീസും പുറത്താവും.

Top