ആദ്യ അങ്കം പാകിസ്ഥാനെതിരെ; ട്വന്റി 20 വനിതാ ലോകകപ്പിനായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍

കേപ്‌ടൗണ്‍: വനിതാ ട്വന്റി 20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കേപ്‌ടൗണിലെത്തി. സെമിയും ഫൈനലുമടക്കം ഭൂരിപക്ഷം മത്സരങ്ങള്‍ക്കും വേദിയാകുന്ന ഇടമാണ് കേപ്‌ടൗണ്‍. ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും പങ്കെടുത്ത ത്രിരാഷ്‌ട്ര പരമ്പരയ്ക്ക് ശേഷമാണ് ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഹര്‍മന്‍പ്രീത് കൗറും സംഘവും കേപ്‌ടൗണിലേക്ക് വിമാനം തിരിച്ചത്.

ത്രിരാഷ്‌ട്ര പരമ്പരയില്‍ ഗംഭീര തുടക്കം ലഭിച്ചിട്ടും ഫൈനലില്‍ ടീം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയോടെയായിരുന്നു ഇന്ത്യന്‍ വനിതകളുടെ തോല്‍വി. കഴിഞ്ഞ ട്വന്റി 20 ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ കളിച്ചെങ്കിലും കലാശപ്പോരില്‍ അതിശക്തരായ ഓസീസിന് തോറ്റ് മടങ്ങാനായിരുന്നു വിധി. കേപ്‌ടൗണില്‍ പാകിസ്ഥാനെതിരെ ഫെബ്രുവരി 12നാണ് ഇക്കുറി ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരം. ഇതിന് മുമ്പ് ഓസ്ട്രേലിയ-ബംഗ്ലാദേശ് ടീമുകളോട് ഇന്ത്യക്ക് വാംഅപ് മത്സരമുണ്ട്. ഫെബ്രുവരി 6, 8 ദിനങ്ങളിലായാണ് ഈ മത്സരങ്ങള്‍. ഗ്രൂപ്പ് രണ്ടില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നിവയാണ് ഇന്ത്യക്കൊപ്പമുള്ളത്. ഗ്രൂപ്പില്‍ നിന്ന് മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകള്‍ സെമി കളിക്കും. കേപ്‌ടൗണില്‍ ഫെബ്രുവരി 26-ാം തിയതിയാണ് ഫൈനല്‍.

Top