ബസ് യാത്രക്കിടെ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ‘പിങ്ക് സാരഥി’ വാഹനങ്ങള്‍ നിരത്തില്‍

ബെംഗളൂരു:ബസ് യാത്രക്കിടെ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ബി.എം.ടി.സി.യുടെ ‘പിങ്ക് സാരഥി’ വാഹനങ്ങള്‍ നിരത്തില്‍. ബസ് യാത്രക്കിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമം, ബസ് ജീവനക്കാരില്‍ നിന്നുണ്ടാകുന്ന മോശം പെരുമാറ്റം, സ്ത്രീകളുടെ സീറ്റില്‍നിന്ന് പുരുഷന്മാര്‍ മാറാതിരിക്കുക തുടങ്ങിയ പരാതികളെല്ലാം പിങ്ക്‌സാരഥിയെ അറിയിക്കാം. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിധാന്‍ സൗധയില്‍ പിങ്ക് സാരഥി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു.

നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ പട്രോളിങ് നടത്തുന്ന പിങ്ക് സാരഥി പരാതികള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വാഹനത്തെ പിന്തുടര്‍ന്ന് സമീപത്തെത്തും.
പിങ്ക് സാരഥിയിലെ ജീവനക്കാര്‍ ആവശ്യമെങ്കില്‍ പൊലീസ് സഹായവും തേടും.ബി.എം.ടി.സി. ബസുകളില്‍ സ്ത്രീകള്‍ അതിക്രമം നേരിടുന്നതായി ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പിങ്ക് സാരഥി പദ്ധതി തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ഭയ ഫണ്ടുപയോഗിച്ചാണ് ‘പിങ്ക് സാരഥി’ പദ്ധതി നടപ്പിലാക്കുന്നത്. പിങ്ക് സാരഥിയെ വിളിക്കുമ്പോള്‍ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാണ് കോളുകള്‍ പോകുക. തുടര്‍ന്ന് ജി.പി.എസ്. സംവിധാനമുപയോഗിച്ച് കണ്‍ട്രോള്‍ റൂമില്‍നിന്ന് പരാതി വന്ന ബസിന് സമീപത്തുള്ള പിങ്ക് സാരഥി വാഹനം കണ്ടെത്തും.ഇവര്‍ക്ക് പരാതി കൈമാകുകയും ചെയ്യും.

ആധുനിക സാങ്കേതിക സംവിധാനങ്ങളുള്ള 25-ഓളം ബൊലേറോ ജീപ്പുകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറക്കിയിരിക്കുന്നത്. നഗരത്തിലെ പ്രാധനപ്പെട്ട റൂട്ടുകളിലും ബസ്സ്റ്റാന്‍ഡുകളിലും പിങ്ക് സാരഥി വാഹനങ്ങള്‍ സ്ഥിരമായി പട്രോളിങ് നടത്തും.നിരന്തരം പരാതി ലഭിക്കുന്ന റൂട്ടുകള്‍ കണ്ടെത്തി കൂടുതല്‍ പിങ്ക് സാരഥി വാഹനങ്ങള്‍ നിരത്തിലെത്തിക്കാനും കോര്‍പ്പറേഷന് പദ്ധതിയുണ്ട്.

Top