വനിതാ പ്രീമിയര്‍ ലീഗ്;ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

ഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം. രണ്ടാം സീസണിന്റെ കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഡല്‍ഹി ക്യാപിറ്റല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.

ആദ്യ സീസണിലെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയം വഴങ്ങേണ്ടി വന്ന ക്യാപിറ്റല്‍സ് ഇത്തവണ പ്രാഥമിക റൗണ്ടിലെ തകര്‍പ്പന്‍ പ്രകടനത്തോടെ നേരിട്ട് കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു. മറുവശത്ത് നിലവിലെ ചാമ്പ്യന്മാരും പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരുമായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് ആര്‍സിബി എത്തുന്നത്.

സ്മൃതി മന്ദാന നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സും മെഗ് ലാനിങ് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സും ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഡല്‍ഹി ക്യാപിറ്റല്‍സിന് നഷ്ടമായ കിരീടം സ്വന്തമാക്കുന്നതിനുള്ള രണ്ടാമൂഴമാണ് ഇത്തവണത്തെ ഫൈനല്‍.

Top