വനിതാ പ്രീമിയർ ലീഗ് രണ്ടാം സീസണിലെ എലിമിനേറ്റർ മത്സരം ഇന്ന്

നിതാ പ്രീമിയർ ലീഗ് രണ്ടാം സീസണിലെ എലിമിനേറ്റർ മത്സരം ഇന്ന്. പോയിൻ്റ് പട്ടികയിൽ രണ്ടാമതുള്ള മുംബൈ ഇന്ത്യൻസും മൂന്നാമതുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഇന്നത്തെ മത്സരം. ജയിക്കുന്ന ടീം ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.മുംബൈയെ ഏഴ് വിക്കറ്റിനു തകർത്താണ് ആർസിബി നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ പാദത്തിൽ ആർസിബിയെ മുംബൈ വീഴ്ത്തിയതും ഏഴുവിക്കറ്റിന്. എന്നാൽ, അവസാന ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരെ തകർത്തെറിയാൻ ബാംഗ്ലൂരിനു കഴിഞ്ഞു. 6 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന നിലയിൽ നിന്ന് 113 റൺസ് എടുക്കുന്നതിനിടെ മുംബൈ ഓൾ ഔട്ടായി. 6 വിക്കറ്റ് വീഴ്ത്തിയ എലിസ് പെറിയായിരുന്നു മുംബൈയെ തകർത്തത്. മറുപടി ബാറ്റിംഗിൽ 5 ഓവറും 7 വിക്കറ്റ് ബാക്കിനിൽക്കെ ബാംഗ്ലൂരിന് അനായാസ ജയം. 40 റൺസ് നേടി പുറത്താവാതെ നിന്ന പെറി വീണ്ടും തിളങ്ങി.

ആർസിബി ആർസിബിയെപ്പോലെ തന്നെ കളിക്കുന്നു. ചില മത്സരങ്ങൾ തോറ്റമ്പിയപ്പോൾ മറ്റ് ചിലതിൽ ജയത്തിനരികെ ഇടറിവീണു. കഴിഞ്ഞ സീസണിൽ അമ്പേ പരാജയമായ ക്യാപ്റ്റൻ സ്മൃതി മന്ദന ഫോമിലേക്ക് തിരികെയെത്തിയത് ബാംഗ്ലൂരിൻ്റെ ഏറ്റവും വലിയ പോസിറ്റീവാണ്. ഒപ്പം റിച്ച ഘോഷ്, ആശ ശോഭന, എലിസ് പെറി തുടങ്ങിയവരും ബാംഗ്ലൂരിൻ്റെ നോക്കൗട്ട് പ്രവേശനത്തിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ രണ്ട് മത്സരത്തിൽ സോഫി മോളിന്യൂവിന് ഓപ്പണിങ് നൽകിയത് ഈ കളി മാറ്റിയേക്കും. സോഫി ഡിവൈൻ തന്നെ ഓപ്പണിംഗിലേക്ക് മടങ്ങിയെത്താനാണ് സാധ്യത.

കഴിഞ്ഞ സീസണിലെ പ്രകടനങ്ങൾ ഇക്കൊല്ലം തുടരാനായില്ല എന്നത് മുംബൈയ്ക്ക് ആശങ്കയാണ്. ഹെയ്‌ലി മാത്യൂസിൻ്റെ ഫോമായിരുന്നു കഴിഞ്ഞ സീസണിൽ മുംബൈയുടെ കരുത്ത്. അതിൻ്റെ പാതി പ്രകടനങ്ങൾ പോലും നടത്താൻ ഇത്തവണ താരത്തിനു സാധിച്ചില്ല. അമേലിയ കെർ, ഹർമൻപ്രീത് കൗർ, നാറ്റ് സിവർ ബ്രണ്ട്, സായ്ക ഇഷാക് തുടങ്ങി കഴിഞ്ഞ സീസണിൽ മുംബൈയുടെ പ്രകടനങ്ങളിൽ നിർണായക പങ്കുവഹിച്ചവരിൽ പലരും സ്ഥിരത കാട്ടുന്നില്ല. ഷബ്നിം ഇസ്മയിൽ വന്നതോടെ ബൗളിംഗ് കരുത്ത് വർധിച്ചെങ്കിലും പോയ സീസണിലെ സ്റ്റാർ ബൗളർ ഇസ്സി വോങ് ആണ് പുറത്തിരിക്കുന്നത്. മലയാളി താരം എസ് സജന മുംബൈ ബാറ്റിംഗിനു നൽകുന്ന ആഴം വളരെ വലുതാണ്. എങ്കിലും പല പ്രമുഖ താരങ്ങളുടെ ഫോമൗട്ടും അസ്ഥിരതയും മുംബൈക്ക് തിരിച്ചടി തന്നെയാണ്.

Top