പെണ്ണെഴുത്തിനെക്കുറിച്ച് പഠിക്കാൻ മലയാള സര്‍വകലാശാലയില്‍ സ്ത്രീ സാഹിത്യപഠനകേന്ദ്രം

തിരൂര്‍: മലയാള സാഹിത്യ ലോകത്തിൽ ഇന്നോളമുണ്ടായിട്ടുള്ള എഴുത്തുകാരികളുടെ രചനകള്‍ പഠനവിധേയമാക്കുക എന്ന ലക്ഷ്യത്തോടെ മലയാള സര്‍വകലാശാലയില്‍ സ്ത്രീ സാഹിത്യപഠനകേന്ദ്രം ആരംഭിച്ചു.

എഴുത്തുകാരി ജെ. ദേവിക സ്ത്രീ സാഹിത്യപഠനകേന്ദ്രം ഉദ്ഘാടനംചെയ്തു.

പെണ്ണെഴുത്തിനെക്കുറിച്ച് എണ്‍പതുകളില്‍ നടന്ന ചര്‍ച്ചകളുടെ പിന്‍തുടര്‍ച്ചയായി പുതിയ ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള സമയമായെന്ന് സ്‌കൈപ്പിലൂടെ നടത്തിയ ഉദ്ഘാടനപ്രസംഗത്തില്‍ ജെ. ദേവിക പറഞ്ഞു.

സുവര്‍ണരേഖ പദ്ധതിയിന്‍ കീഴില്‍ ഡോ. ടി. അനിതകുമാരി സംവിധാനംചെയ്ത സുഗതകുമാരിയെക്കുറിച്ചുള്ള ‘കവിതപൂക്കും കാട്’, ഡോ. അന്‍വര്‍ അബ്ദുള്ള സംവിധാനംചെയ്ത എം.ടി. വാസുദേവന്‍ നായരെക്കുറിച്ചുള്ള ‘എം.ടി’ എന്നീ ഡോക്യുമെന്ററികള്‍ പ്രകാശനംചെയ്തു.

സര്‍വകലാശാല പ്രസിദ്ധീകരിച്ച ‘ഫെമിനിസ്റ്റ് നിഘണ്ടു’ ‘സിനിമ ആസ്വാദനത്തിന്റെ ചരിത്രവഴികള്‍’ ‘ഭാഷാസാഹിത്യ ചരിതം: ആറ്റൂര്‍’, ‘ഗവേഷണവും രീതിശാസ്ത്രവും’, ‘മലയാളഭാഷാചരിത്രം പി. ഗോവിന്ദപ്പിള്ള’, ‘വിത’ എന്നീ പുസ്തകങ്ങളുടെയും മലയാളഗവേഷണ ജേണല്‍, സാഹിത്യവിഭാഗം ജേണല്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെയും പ്രകാശനം ചടങ്ങില്‍ നിര്‍വഹിച്ചു.

Top