ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട അഭിഭാഷകന് വധഭീഷണി. ഭീഷണി ഗുരുതരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അഭിഭാഷകന്‍ പിന്മാറിയാല്‍ അമിക്കസ് ക്യൂറിയെ നിയമിയ്ക്കും. ഹരീഷ് സാല്‍വെ അടക്കമുള്ളവരായിരിക്കും അമിക്കസ് ക്യൂറിയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
യങ് ലോയേഴ്‌സ് അസോസിയേഷന് വേണ്ടി സെക്രട്ടറി മുഹമ്മദ് നൗഷാദ് ഖാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിയ്ക്കുന്നത് മൗലികാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് കാണിച്ചാണ് യങ് ലോയേഴ്‌സ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.
ഇതേ തുടര്‍ന്ന് ഫോണ്‍, ഇ മെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി തനിയ്ക്ക് വധഭീഷണികള്‍ വന്നതായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ദുശ്യന്ത് ദവെയ്ക്ക് ഖാന്‍ പരാതി നല്‍കിയിരുന്നു. ദുശ്യന്ത് ദവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.
ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് കോടതി വ്യക്തമാക്കി. പൊതുതാല്‍പര്യമുള്ള വിഷയമാണിത്. ഹര്‍ജി തിങ്കളാഴ്ച തന്നെ പരിഗണിയ്ക്കുമെന്ന് കോടതി വ്യക്തമാക്കി. ഫെബ്രുവരി 8നാണ് നേരത്തെ പരിഗണിയ്ക്കാനിരുന്നത്. ഭരണഘടനാപരമായ പ്രശ്‌നമാണ് പരിശോധിയ്ക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

