Women’s entry in Sabarimala; P Parameswaran’s statement against RSS

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍എസ്എസിനെ തിരുത്തി താത്വികാചാര്യന്‍ പി പരമേശ്വരന്‍.

അനുവദിക്കപ്പെട്ടവരല്ലാത്ത സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് ശരിയല്ലെന്നും സംഘ്പരിവാര്‍ അടിയന്തരമായി ഏകാഭിപ്രായത്തില്‍ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്‍എസ്എസ് താത്വികാചാര്യന്റെ പ്രതികരണം.

ആര്‍എസ്എസ് ദേശിയ നേതൃത്വവും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ പോലെയുള്ളവരും സ്വീകരിച്ച നിലപാടിനെ തളളിപ്പറഞ്ഞ താത്വികാചാര്യന്റെ നടപടി സംഘ്പരിവാര്‍ നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് ബിജെപി നേതാക്കളുമെല്ലാം ആദരിക്കുന്ന പരമേശ്വരന്റെ അഭിപ്രായപ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് നേതൃത്വം മുന്‍നിലപാട് പുന:പരിശോധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ദേശീയതലത്തില്‍ ക്ഷേത്രങ്ങളില്‍ ലിംഗസമത്വം ഉറപ്പ് വരുത്തണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതോടൊപ്പം ശബരിമലയുടെ പ്രത്യേകത മുന്‍നിര്‍ത്തി നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന നിലപാട് സ്വീകരിക്കണമെന്ന ആവശ്യം പരമേശ്വരന്റെ വെളിപ്പെടുത്തലോടെ ശക്തമാകും.

കേരളത്തിലെ ബഹുഭൂരിപക്ഷം സഘ്പരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരും നിലവിലെ സാഹചര്യം ശബരിമലയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്.

ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് ചുവട് പിടിച്ച് അഭിപ്രായപ്രകടനം നടത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെതിരെ ശക്തമായ പ്രതിഷേധം ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് പോലും നേരത്തെ ഉയര്‍ന്നിരുന്നു.

ആര്‍എസ്എസ് നിലപാട് മുന്‍നിര്‍ത്തി മുഖപത്രമായ കേസരിയില്‍ സംഘം താത്വികാചാര്യന്‍ ആര്‍ ഹരിയുടെ ലേഖനവും ഇതിനകം വിവാദമായിരുന്നു.

കേസരി വാരിക വാങ്ങുന്ന പ്രവര്‍ത്തകരില്‍ പലരും ഇനി തങ്ങള്‍ക്ക് അതുവേണ്ട എന്ന് പറഞ്ഞ് നിര്‍ത്തുന്ന സാഹചര്യം വരെ പലയിടത്തുമുണ്ടായിരുന്നു.

‘ശബരിമലയിലെ 41 ദിവസത്തെ വ്രതം തീരുമാനിച്ചത് പുരുഷന്മാര്‍ ചേര്‍ന്നായിരിക്കുമെന്നും സ്ത്രീകളോട് അഭിപ്രായം ചോദിച്ചിരുന്നുവെങ്കില്‍ യുവതികളെ കൂടി പരിഗണിക്കുമായിരുന്നു’വെന്നുമായിരുന്നു ഹരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

വൈദിക കാലം മുതല്‍ ആരാധനകളില്‍ സ്ത്രീകളെ ഒരിടത്തും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെയും വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.

ഇതിന് സമാനമായ നിലപാട് സ്വീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സുരേന്ദ്രനെതിരെ രംഗത്ത് വന്ന ശബരിമല തന്ത്രിയുടെ കൊച്ചുമകന്‍ രാഹുല്‍ ഈശ്വറിനെ അനുകൂലിച്ച് നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ത്തിയിരുന്നത്.

‘രാഷ്ട്രീയ ഹിന്ദുത്വമല്ല ആത്മീയ ഹിന്ദുത്വമെന്ന്’ ചൂണ്ടിക്കാട്ടിയ രാഹുല്‍ ശബരിമലയില്‍ വരുന്ന അയ്യപ്പന്മാര്‍ എല്ലാവിധ ലൗകീകതയില്‍ നിന്നും മുക്തമായിട്ട് വരണമെന്ന വിശ്വാസത്തെ നിഷേധിക്കുന്നതിനെയാണ് ചോദ്യം ചെയ്തിരുന്നത്.

ശബരിമലയില്‍ നൈഷ്ടിക ബ്രഹ്മചര്യമാണെന്ന് ഹൈക്കോടതി തന്നെ മുന്‍പ് ചൂണ്ടിക്കാട്ടിയ കാര്യവും ഓരോ അമ്പലത്തിലും വ്യത്യസ്ത പ്രതിഷ്ഠാ ധര്‍മ്മമാണെന്ന കാര്യവും സുരേന്ദ്രനുള്ള മറുപടിയില്‍ രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു.

ആര്‍എസ്എസിന് ഒരു വനിതാ വിഭാഗം ഉണ്ടായിട്ടും വനിതാ സര്‍സംഘ് ചാലക് ഉണ്ടാകാത്തത് പോലെയാണ് അമ്പലങ്ങളില്‍ ചിലതിന് സ്ത്രീപുരുഷ ക്രമീകരണങ്ങള്‍ ഉള്ളതെന്ന് രാഹുല്‍ തുറന്നടിച്ചത് സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളില്‍ ചൂടുള്ള ചര്‍ച്ചക്കാണ് വഴി മരുന്നിട്ടിരിക്കുന്നത്.

രാഹുലിനെ പിന്‍തുണച്ച് രംഗത്ത് വരുന്നവരുടെ പ്രധാന ചോദ്യം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് പറയുന്നവര്‍ ആറ്റുകാലില്‍ പൊങ്കാലയിടാന്‍ പുരുഷന്മാരെ അനുവദിക്കണമെന്ന് വാദിക്കാന്‍ തയ്യാറാവുമോയെന്നാണ്.

ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് ശബരിമലയില്‍ പ്രാവര്‍ത്തികമല്ലെന്നും ശബരിമലയുടെ സംസ്‌കൃതിയെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് സംസ്ഥാനത്തെ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന പൊതു അഭിപ്രായം.

ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ആര്‍എസ്എസ് പരസ്യമായി നിലപാട് പ്രഖ്യാപിച്ച വിഷയത്തില്‍ പരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് എതിര്‍പ്പുയരുന്നത്.

ഈ എതിര്‍പ്പ് കൂടി മനസ്സിലാക്കിയാണ് ഇപ്പോള്‍ ആര്‍എസ്എസ് താത്വികാചാര്യന്‍ തന്നെ തിരുത്തല്‍ നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുന്നത്.

Top