പീഡനത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണം; വിവാദ പ്രസ്താവനയുമായി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്താനില്‍ സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം സ്ത്രീകളുടെ വസ്ത്രധാരണരീതി കാരണമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്റെ ഈ വിവാദ പരാമര്‍ശം. ഒരു സ്ത്രീ വളരെ കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കുന്നതെങ്കില്‍ അത് ഉറപ്പായും പുരുഷനില്‍ സ്വാധീനം ചെലുത്തുമെന്നും അങ്ങനെ അല്ലെങ്കില്‍ അയാള്‍ ഒരു യന്ത്രമനുഷ്യന്‍ ആയിരിക്കണം എന്നുമാണ് ഇമ്രാന്‍ പറഞ്ഞത്.

ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍മീഡിയയും രംഗത്തെത്തി. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചത്. ലൈംഗിക അതിക്രമത്തെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ഏറെപ്പേരും അഭിപ്രായപ്പെട്ടു. ഇത് രണ്ടാമത്തെ തവണയാണ് ഇമ്രാന്‍ ഖാന്‍ ഇത്തരമൊരു അഭിപ്രായം പറയുന്നത്.

മറ്റൊരു അഭിമുഖത്തില്‍ പുരുഷന്മാരില്‍ സ്ത്രീകളെകുറിച്ച് ദുഷിച്ച ചിന്തകള്‍ ഉണ്ടാകാതെ ഇരിക്കുന്നതിനു വേണ്ടിയാണ് പര്‍ദ്ദ പോലുള്ള വസ്ത്രധാരണരീതികള്‍ പ്രചാരത്തിലുള്ളതെന്ന് ഇമ്രാന്‍ പറഞ്ഞിരുന്നു. പാകിസ്താനിലും അന്താരാഷ്ട്ര തലത്തിലുമുള്ള നിരവധി സ്ത്രീ അനുകൂല സംഘടനകള്‍ അന്ന് ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.

Top