അറിയാം ഈ വേര്‍തിരിവ്; വനിതാ ദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഫൈനലില്‍

ലോകത്തിന്റെ ക്രിക്കറ്റ് ആസ്ഥാനമെന്ന് വേണമെങ്കില്‍ ഇന്ത്യയെ വിശേഷിപ്പിക്കാം. ക്രിക്കറ്റ് അത്രയേറെ വിളവെടുപ്പ് നടത്തുന്ന മണ്ണാണ് ഇന്ത്യയുടേത്. വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ‘പുരുഷ’ ക്രിക്കറ്റ് ടീമിനെ ഇന്ത്യക്കാര്‍ ആരാധിക്കുന്നു. അവരുടെ ഓരോ മത്സരങ്ങളും ജോലി ഉപേക്ഷിച്ചും, ഉറക്കമിളച്ചും കാണുന്നു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തമ്മിലടിക്കുന്നു. എന്നാല്‍ ഇത്രയേറെ ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഇന്ത്യക്കാരില്‍ എത്ര പേര്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ കാണാന്‍ തയ്യാറാകാറുണ്ട്, എത്ര വനിതാ ക്രിക്കറ്റ് താരങ്ങളുടെ പേരുകള്‍ നിങ്ങള്‍ക്കറിയാം?

ചോദ്യം പ്രസക്തമാകുന്നത്, ഇന്ന് ലോകവനിതാ ദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഐസിസി വനിതാ ടി20 ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുമ്പോഴാണ്. ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ ഫൈനലില്‍ നേരിടാനാണ് അവര്‍ തയ്യാറെടുക്കുന്നത്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ ഈ വനിതാ ടീം ഫൈനലില്‍ എത്തിയ വിശേഷമെങ്കിലും മനസ്സിലാക്കിയിരിക്കുമോ? ക്രിക്കറ്റ് പ്രേമം പുരുഷ ക്രിക്കറ്റര്‍മാരില്‍ ഒതുങ്ങുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തം.

ഇനി പ്രസക്തമായ മറ്റൊരു കാര്യം കൂടി പറയാം. അത് വരുമാനത്തിന്റെ വ്യത്യാസമാണ്. ടി20 ലോകകപ്പ് ഫൈനലില്‍ ഇറങ്ങുന്ന ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയന്‍ വനിതാ ടീമിന് അവരുടെ പുരുഷ സഹതാരങ്ങള്‍ വാങ്ങുന്ന അതേ ശമ്പളമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കുന്നത്. എന്നാല്‍ ഇന്ത്യയുടെ രീതി നേര്‍വിപരീതവും. ദൈവത്തെ പോലെ പുരുഷ ക്രിക്കറ്റര്‍മാരെ ആരാധിക്കുമ്പോള്‍ വനിതാ ക്രിക്കറ്റ് ടീമിലെ അംഗങ്ങളുടെ പേര് പോലും നമുക്ക് വ്യക്തമായി അറിയില്ല.

പുരുഷ താരങ്ങള്‍ പരസ്യങ്ങളും, ബ്രാന്‍ഡ് അംബാസിഡര്‍മാരുമൊക്കെയായി തിളങ്ങുമ്പോള്‍ വനിതാ താരങ്ങള്‍ മുക്കിലും മൂലയിലും ഒതുങ്ങുന്നു. എ-ലിസ്റ്റ് വനിതാ താരങ്ങളായ ടി20 ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് കൗര്‍, ഓപ്പണര്‍ സ്മൃതി മന്ദാന, സ്പിന്നര്‍ പൂനം യാദവ് എന്നിവര്‍ക്ക് പ്രതിവര്‍ഷം 50 ലക്ഷം രൂപയ്ക്ക് അടുത്ത് മാത്രമാണ് വരുമാനം. 2017 ലോകകപ്പില്‍ ഫൈനലില്‍ എത്തിയിട്ടും മികച്ച കളിക്കാരുടെ വരുമാനം തഥൈവ.

എന്നാല്‍ പുരുഷ താരങ്ങള്‍ക്ക് ഈ തലവേദനയില്ല. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് 7 കോടി രൂപയാണ് ബിസിസിഐയുമായി വാര്‍ഷിക കരാര്‍. ലോകത്തിലെ ഏറ്റവും വരുമാനമുള്ള താരമായി ഇതോടെ വിരാട് മാറുന്നു. ഇതിന് പുറമെ ബ്രാന്‍ഡ് കരാര്‍, സ്‌പോണ്‍സര്‍ഷിപ്പ്, ബോണസ്, ഐപിഎല്‍, ഇങ്ങനെ പോകുന്നു വരുമാനത്തിന്റെ വഴികള്‍. 25 മില്ല്യണ്‍ ഡോളര്‍ വരുമാനവുമായി ഫോര്‍ബ്‌സിന്റെ ലോകത്തിലെ ഉയര്‍ന്ന വരുമാനമുള്ള 100 താരങ്ങളിലും വിരാട് ഇടംപിടിച്ചു.

പുരുഷ ക്രിക്കറ്റ് മൂലം ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് തങ്ങള്‍ക്കുള്ള വരുമാനവും ലഭിക്കുന്നതെന്ന് സ്മൃതി മന്ദാന ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് സമാനമായ വരുമാനം ചോദിച്ചാന്‍ കഴിയില്ലെന്നാണ് അവരുടെ നിലപാട്. എന്നാല്‍ വനിതാ ക്രിക്കറ്റ് ടീമിന് ഭേദപ്പെട്ട പാക്കേജ് നല്‍കണമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. വനിതാ ഐപിഎല്‍ പോലുള്ളവ ഇതിനായി സംഘടിപ്പിച്ച് അവസരങ്ങള്‍ നല്‍കാനും ഇവര്‍ ആവശ്യപ്പെടുന്നു.

പക്ഷെ ഇതൊന്നും ബിസിസിഐയുടെ ചെവിയില്‍ ഇതൊന്നും എത്തിയിട്ടില്ല. ഇനിയൊരു വനിതാ ഐപിഎല്‍ സംഘടിപ്പിക്കാന്‍ 2024 വരെയെങ്കിലും കാത്തിരിക്കണമെന്നും അധികൃതര്‍ പറയുന്നു. ഇത് പരിഗണിച്ച് ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ ഒരു കാര്യം ചെയ്യണം, ഈ ലോകവനിതാ ദിനത്തില്‍ ഇന്ത്യക്കാര്‍, അവര്‍ വനിതകളാണ് എന്നത് സത്യം, പക്ഷെ രാജ്യത്തിന്റെ ജഴ്‌സി അണിഞ്ഞ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ആ മത്സരം കാണാന്‍ കാണികള്‍ ഉണ്ടാകണം. ടിവിക്ക് മുന്നില്‍, ഓണ്‍ലൈനില്‍ എന്നിങ്ങനെ വഴിയേതും തെരഞ്ഞെടുക്കാം, കാരണം കാഴ്ചക്കാര്‍ ഉണ്ടാക്കുമ്പോഴാണ് അധികൃതര്‍ കണ്ണുതുറക്കുക.

ഭാവിയില്‍ ഓരോ പെണ്‍കുട്ടിയും ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സാമ്പത്തികമായും അവര്‍ക്ക് നിലനില്‍പ്പ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്!

Top