വനിതാ പൊലീസ് സെല്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: വനിതാ പൊലീസ് സെല്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷന്‍. കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ ശക്തമാക്കണമെന്നും പി സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന ജില്ലാതല സിറ്റിങ്ങിന്റെ രണ്ടാം ദിനത്തില്‍ പരാതികള്‍ തീര്‍പ്പാക്കി സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

കേസുകളില്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സഹായം നല്‍കണം. ഇതിന് ആവശ്യമായ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണം. ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ കുടുംബ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് സാധിക്കും. കേസുകള്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്ന സമയത്ത് കൗണ്‍സിലിംഗ് നല്‍കി കുടുംബാന്തരീക്ഷം രമ്യമാക്കി എടുക്കുന്നതിനുള്ള നടപടി വനിതാ സെല്ലിലൂടെ സ്വീകരിക്കണമെന്നും പി സതീദേവി.

സംസ്ഥാനത്ത് ഈ സംവിധാനം നിലവിലുണ്ടെങ്കിലും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നില്ല. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാത്തതിനാല്‍ വനിതാ കമ്മീഷനെ സമീപിക്കേണ്ട സ്ഥിതിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ വനിതാ പൊലീസ് സെല്ലുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. പല കേസുകളിലും സ്ത്രീക്ക് സംരക്ഷണം നല്‍കുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതയില്ല. പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരം സ്ത്രീക്ക് സംരക്ഷണം നല്‍കുന്നതിന് പൊലീസ് ജാഗ്രത പുലര്‍ത്തണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ.

Top