ഹനാനെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മിഷന്‍

കൊച്ചി: കോളേജ് യൂണിഫോം ധരിച്ച് മീന്‍ വിറ്റ ഹനാന്‍ എന്ന പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദ്ദേശം. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എ.സി.ജോസഫൈനാണ് പൊലീസിന് നിര്‍ദ്ദേശം നില്‍കിയത്.
ഹനാനെതിരേ സമൂഹമാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയവരെ കേരള പോലീസിന്റെ സൈബര്‍ സുരക്ഷാവിഭാഗം നിരീക്ഷിച്ചുവരികയാണ്.

‘ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണ്. ഹനാന്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ്. സോഷ്യല്‍ മീഡിയ എന്തും പറയുന്നവരുടെ കേന്ദ്രമായി മാറുകയാണ്. അതിജീവനത്തിന് വേണ്ടി പോരാടാന്‍ തീരുമാനിച്ച ഹനാനെ പോലൊരു പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ഒരവസ്ഥ നേരിടേണ്ടി വന്നത് സമൂഹത്തിന്റെ മാത്രം കുഴപ്പമാണ്. സഹായഹസ്തം നീട്ടേണ്ടതിനു പകരം ആ കുട്ടിയെ മാധ്യമവിചാരണയ്ക്ക് വിധേയയാക്കാനിറങ്ങിയവര്‍ സാമൂഹ്യദ്രോഹികളാണ്. ശനിയാഴ്ച ഹനാനെ നേരില്‍ കാണുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

തമ്മനത്തു യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാനെക്കുറിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതോടെയാണു ഹനാന്‍ ശ്രദ്ധാകേന്ദ്രമായത്. ഒട്ടേറെപ്പേര്‍ സഹായവാഗ്ദാനവുമായി രംഗത്തുമെത്തി. തൊടുപുഴ അല്‍ അസര്‍ കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഈ തൃശൂര്‍ സ്വദേശിനി പഠിക്കാനും കുടുംബത്തെ പോറ്റാനുമുള്ള വക തേടിയാണു മീന്‍ കച്ചവടമെന്നായിരുന്നു പറഞ്ഞിരുന്നത്. വാര്‍ത്തയ്ക്കു പിന്നാലെ തന്റെ അടുത്ത സിനിമയില്‍ ഹനാന് അവസരം നല്‍കുമെന്നു സംവിധായകന്‍ അരുണ്‍ ഗോപിയുടെ വാഗ്ദാനവുമുണ്ടായി.

Top