വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. നവോത്ഥാന പ്രസ്ഥാനവുമായി ആരംഭകാലം മുതല്‍ ദേവസ്വം ബോര്‍ഡ് സഹകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ഏറ്റവും വലിയ നവോത്ഥാന നായകനായിരുന്ന മന്നത്ത് പത്മനാഭന്‍ ആയിരുന്നു ആദ്യ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അതുകൊണ്ട് തന്നെ ബോര്‍ഡ് പ്രസിഡന്റ് വനിതാ മതിലില്‍ പങ്കെടുക്കുന്നതില്‍ ദോഷമില്ലെന്നും എ പത്മകുമാര്‍ വ്യക്തമാക്കി.

അതേസമയം വനിതാമതിലില്‍ സര്‍ക്കാര്‍ ജീവനക്കാരും അണിനിരക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വനിതാമതില്‍ ഒരു ചരിത്രസംഭവമാകുമെന്നും ഗതാഗതതടസം ഉണ്ടാകാതിരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി വിവിധ സംഘടനകളുടെ പിന്തുണയോടെ ഇന്നാണ് സര്‍ക്കാര്‍ വനിതാമതില്‍ തീര്‍ക്കുന്നത്. വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ തീര്‍ക്കുന്നത്. 50 ലക്ഷത്തോളം സ്ത്രീകള്‍ മതിലില്‍ പങ്കെടുക്കുമെന്നാണ് സംഘടാകരുടെ അവകാശവാദം.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്താണ് മതില്‍ തീര്‍ക്കുന്നത്. വൈകിട്ട് നാല് മണി മുതല്‍ 4.15 വരെയാണ് മതില്‍ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മൂന്ന് മണിക്ക് അവര്‍ക്ക് നിശ്ചയിച്ച് നല്‍കിയിട്ടുള്ള കേന്ദ്രങ്ങളില്‍ എത്തും. 3.45 ന് മതിലിന്റെ റിഹേഴ്‌സല്‍ നടത്തും.

വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയര്‍ന്ന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നല്‍കാനാണ് സര്‍ക്കാറിന്റേയും സിപിഎമ്മിന്റെയും ശ്രമം.

Top