വനിതാ മതിലിൽ തീർത്തത് റെക്കോർഡ്, ലോക രാഷ്ട്രങ്ങൾക്കും ‘അത്ഭുത മതിൽ’

നുഷ്യചങ്ങലയിലൂടെയും മനുഷ്യക്കോട്ടയിലൂടെയും ലോകത്തിനു മുന്നില്‍ വിസ്മയം സൃഷ്ടിച്ച കേരളം വീണ്ടും ചരിത്രമെഴുതി. കടുത്ത വെല്ലുവിളികളെ അതിജീവിച്ച് സംസ്ഥാന സര്‍ക്കാറിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ നടന്ന വനിതാ മതില്‍ ലോകത്തിന് മുന്നില്‍ വേറിട്ട കാഴ്ചയായി മാറി.

620 കിലോമീറ്റര്‍ നീളം 30 ലക്ഷത്തിലധികം വനിതകളെ അണിനിരത്തി കമ്യൂണിസ്റ്റുകാര്‍ നയിക്കുന്ന ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മതില്‍ ലോക രാഷ്ട്രങ്ങളില്‍ തന്നെ അത്ഭുതമായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇതു സംബന്ധമായ വാര്‍ത്തകള്‍ വന്നു കഴിഞ്ഞു.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീ പുരുഷ സമത്വത്തിന്റെ ആശയങ്ങള്‍ ഉയര്‍ത്തി പിടിച്ചുമാണ് വനിതാ മതില്‍ തീര്‍ത്തത്. ഇതിന് അഭിമുഖമായി പുരുഷന്‍മാര്‍ കൂടി അണി നിരന്നതോടെ ഗിന്നസ് റെക്കോര്‍ഡിലേക്കാണ് മതില്‍ കെട്ടപ്പെട്ടത്.

പുതുവത്സര ദിനത്തില്‍ കെട്ടിപ്പടുക്കാന്‍ തീരുമാനിച്ച വനിതാ മതില്‍ തകര്‍ക്കാന്‍ പ്രതിപക്ഷം ആവനാഴിയിലെ സകല ആയുധങ്ങളും ഉപയോഗപ്പെടുത്തിയാണ് രംഗത്തു വന്നിരുന്നത്.

എന്നാല്‍ പ്രതികൂല സാഹചര്യത്തിലും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളും കാണിച്ച ആര്‍ജവമാണ് മതിലിനു കരുത്ത് പകര്‍ന്നത്. ഏതൊരു സമരരൂപവും അതിന്റെ ലക്ഷ്യത്തിലേക്കടുക്കുന്നത് അതുമായി ബന്ധപ്പെട്ട ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിക്കുമ്പോഴാണ്.

വനിതാ മതിലിന്റെ വന്‍ വിജയത്തോടെ നവോത്ഥാന ആശയങ്ങളുടെ ചര്‍ച്ചാ ഭൂമിയായി കേരളം പരിവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ വലിയ ചലനങ്ങള്‍ക്കാണ് ഇടയാക്കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ നവോത്ഥാന മൂല്യങ്ങളെയും മതനിരപേക്ഷ ആശയങ്ങളെയും സ്ത്രീ-പുരുഷ സമത്വത്തെയും കടന്നാക്രമിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളുമുണ്ടായി. ഈ പശ്ചാത്തലത്തിലായിരുന്നു ഇടതു സര്‍ക്കാര്‍ വനിതാ മതില്‍ എന്ന ആശയം മുന്നോട്ട് വച്ചത്.

ജാതി വ്യവസ്ഥ മറ്റു മത വിഭാഗങ്ങള്‍ക്കിടയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ഒന്നല്ല എന്നതിനാല്‍ അത്തരത്തിലുള്ള സമരങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉയര്‍ന്നുവന്നതുമില്ല. നവോത്ഥാനത്തിലെ ആദ്യ നായകര്‍ തൊട്ട് ഹിന്ദു വിഭാഗങ്ങള്‍ക്കിടയിലെ നവോത്ഥാന മുന്നേറ്റം ഊന്നിയത് ജാതിവ്യവസ്ഥയ്ക്കെതിരായിരുന്നു. അതിന്റെ ഭാഗമായിരുന്ന മുദ്രാവാക്യങ്ങളിലാണ് അവര്‍ കേന്ദ്രീകരിച്ചിരുന്നതും.

ശ്രീനാരായണ ഗുരുവിനെപ്പോലുള്ള നവോത്ഥാന നായകര്‍ മതപരമായ യോജിപ്പിന്റെ തലങ്ങളും ഇതോടൊപ്പം വികസിപ്പിച്ചിരുന്നു. 1924 ല്‍ ആലുവയില്‍ ചേര്‍ന്ന സര്‍വ്വമത സമ്മേളനം തന്നെ ഇതിനുദാഹരണമാണ്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം ചേരുന്നതെന്ന് സമ്മേളന കവാടത്തില്‍ തന്നെ ശ്രീനാരയണ ഗുരു എഴുതിവച്ചിരുന്നു. പല മത സാരമേകം എന്ന കാഴ്ചപ്പാട് തന്നെ ശ്രീനാരായണ ഗുരു അവിടെ അവതരിപ്പിക്കുകയും ചെയ്തു.

നവോത്ഥാനം ജാതീയതയ്ക്കെതിരെയും മതനിരപേക്ഷതയുടെയും കാഴ്ചപ്പാടുകളെ മുന്നോട്ടുവച്ചുകൊണ്ടാണ് ഇടപെട്ടിരുന്നത്. അതുകൊണ്ട് തന്നെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള സമരം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാനല്ല, അതിനെ തകര്‍ക്കാനുള്ള മുന്നേറ്റമാണെന്നാണ് വനിതാമതില്‍ സംഘാടകര്‍ വ്യക്തമാക്കിയിരുന്നത്.

ഇസ്ലാം വിഭാഗത്തിനിടയിലും നവോത്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജാതീയമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അടിച്ചമര്‍ത്തലുകളായിരുന്നില്ല ആ വിഭാഗങ്ങളിലെ നവോത്ഥാനത്തിന് അടിസ്ഥാനമായിരുന്നത്. ഇത്തരം വസ്തുതകളെ ഉള്‍ക്കൊണ്ടുവേണം നവോത്ഥാനത്തെക്കുറിച്ച് ഉള്‍ക്കൊള്ളാനും വിശകലനം ചെയ്യാനുമെന്നാണ് സിപിഎം നേതാക്കള്‍ വാദിക്കുന്നത്.

വനിതാ മതിലിന്റെ മഹാവിജയം അതിന്റെ സംഘാടകരെ സംബന്ധിച്ച്, പ്രത്യേകിച്ച് സിപിഎമ്മിനെ സംബന്ധിച്ച് രാഷ്ട്രീയപരമായ പോരാട്ട വിജയം കൂടിയായി വിലയിരുത്താവുന്നതാണ്.

Political reporter

Top