Women To Constitute 33 Per Cent Of Constables In Paramilitary Forces

ന്യൂഡല്‍ഹി: അര്‍ധസൈനിക വിഭാഗങ്ങളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

സി.ഐ.എസ്.എഫിലും സി.ആര്‍.പി.എഫിലും കോണ്‍സ്റ്റബിള്‍ റാങ്കിലാണ് 33 ശതമാനം സ്ത്രീകളെ നിയമിക്കുക. തീരുമാനം ഉടന്‍ നടപ്പിലാക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി സേനാവിഭാഗങ്ങളില്‍ വനിതാ സംവരണം 15 ശതമാനമായിരിക്കും. ഈ അഞ്ച് അര്‍ധസൈനിക വിഭാഗങ്ങളിലായി ഒമ്പത് ലക്ഷത്തോളം പേരാണുള്ളത്. ഇതില്‍ 20,000 പേര്‍ മാത്രമാണ് ഇപ്പോള്‍ വനിതകളുള്ളത്.

സ്ത്രീ ശാക്തീകരണ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. ലോകത്തെ ഏറ്റവും വലിയ അര്‍ധസൈനിക വിഭാഗമായ സി.ആര്‍.പി.എഫില്‍ 6300 വനിതകള്‍ മാത്രമാണുള്ളത്.

ഡല്‍ഹി പോലീസ് സേനയില്‍ സ്ത്രീകള്‍ പത്ത് ശതമാനത്തില്‍ താഴെയാണെന്ന് കണ്ടെത്തിയ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ത്രീകളുടെ എണ്ണം 33 ശതമാനമാക്കി ഉയര്‍ത്തണമെന്ന് സമീപകാലത്ത് ആവശ്യപ്പെട്ടിരുന്നു.

Top