ദീപാവലി ദിനത്തില്‍ മോദിയ്ക്ക് കോപ്പി പെയ്സ്റ്റ് ആശംസ; കായിക താരങ്ങള്‍ക്ക് പൊങ്കാല

ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുമോദിച്ച് രാജ്യത്തെ പ്രമുഖ വനിതാ കായിക താരങ്ങള്‍ ട്വീറ്റ് ചെയ്തതിലെ ഒത്തുകളി പുറത്ത്. ദീപാവലിക്കു മുന്നോടിയായി നരേന്ദ്ര മോദിയുടെ ഭാരത് ലക്ഷ്മി പദ്ധതിക്കു നന്ദി അറിയിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട ട്വീറ്റുകളാണു വിവാദമായത്.

ബോക്സിംഗ് താരങ്ങളായ മേരി കോം, നിഖാത് സരീന്‍, ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാള്‍, പി.വി സിന്ധു, ഗുസ്തി താരം ഗീത ഫോഗട്ട്, പൂജ ധണ്ഡ, ടേബിള്‍ ടെന്നിസ് താരം മണിക ബത്ര തുടങ്ങിയവരാണ് ‘സ്ത്രീകളെ ശാക്തീകരിക്കാനും ബഹുമാനിക്കാനും മുന്‍കൈയെടുത്തതിന്റെ പേരില്‍’ നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തത്.

‘ഈ ദീപാവലി ദിനത്തില്‍ സ്ത്രീകളെ ബഹുമാനിക്കാനും ശാക്തീകരിക്കാനുമുള്ള ശ്രമത്തിന് തങ്ങള്‍ നരേന്ദ്ര മോദിയോട് നന്ദി പറയുന്നു. ഈ അംഗീകാരം കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താനും പ്രോത്സാഹനമാകുന്നു’ എന്നായിരുന്നു താരങ്ങളുടെ ട്വീറ്റ്. ഇവരെല്ലാം ഉപയോഗിച്ചത് ഒരേ കുറിപ്പാണ്.എല്ലാവരും ട്വീറ്റില്‍ ഉപയോഗിച്ച വാചകം ഒന്നുതന്നെ ആയിരുന്നുവെന്ന് വെളിവായതോടെ ഇത് ബി.ജെ.പിയുടെ പ്രചാരവേല മാത്രമാണെന്നു വ്യക്തമായി.

ഫാക്ട്‌ചെക്കിംഗ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിലെ പ്രതീക് സിന്‍ഹയാണ് കായിക താരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ച പ്രകാരം ട്വീറ്റുകള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന കാര്യം കണ്ടെത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ ദീപാവലി ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് കായിക താരങ്ങള്‍ എല്ലാവരും ഒരേ ട്വീറ്റ് ആവര്‍ത്തിച്ചത്.

‘ഈ ദീപാവലിക്ക് നമുക്ക് സ്ത്രീത്വം ആഘോഷിക്കാം. വനിതകള്‍ ശാക്തീകരിക്കപ്പെടുകയും അവരുടെ നേട്ടങ്ങള്‍ അഭിമാനമായി കാണുകയും ചെയ്യുമ്പോഴാണ് സമൂഹങ്ങള്‍ വളരുന്നത്. ഇന്ത്യയിലെ വനിതകളുടെ അസാധാരണമായ വളര്‍ച്ച വിജയം ആഘോഷിക്കുന്നതിനായി ഭാരത് കീ ലക്ഷ്മി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു’ എന്നതായിരുന്നു റിജ്ജുവിന്റെ ട്വീറ്റ്. ഇന്ത്യക്കുവേണ്ടി മെഡല്‍ നേടിയ വനിതാ താരങ്ങളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുന്ന വീഡിയോയും റിജ്ജുവിന്റെ ട്വീറ്റിനൊപ്പമുണ്ടായിരുന്നു.

കായിക താരങ്ങളുടെ കോപ്പി-പേസ്റ്റ് പ്രശംസയ്‌ക്കെതിരേ ട്വിറ്ററില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. രാഷ്ട്രീയ നേട്ടത്തിനായും പ്രചാരവേലയ്ക്കായും കായിക താരങ്ങളെ ഉപയോഗിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധം ശക്തമാണ്.

Top