സ്ത്രീ ശക്തി മോദിക്കൊപ്പം; വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്ന് ശോഭന

തൃശൂര്‍: തൃശൂര്‍ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ വേദിയിലെത്തിയ നടി ശോഭന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രകീര്‍ത്തിച്ചു. വനിത ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിയെന്നാണ് വേദിയില്‍ സംസാരിച്ച ശോഭന പറഞ്ഞത്. മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. തേക്കിന്‍കാട് മൈതാനത്ത നടക്കുന്ന മഹിളാ സമ്മേളനമായ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ ശോഭനയ്‌ക്കൊപ്പം നിരവധി പ്രശസ്ത വനിതകളാണ് പങ്കെടുക്കുന്നത്. പി ടി ഉഷ, മിന്നു മണി തുടങ്ങിയവരോടൊപ്പം മറിയക്കുട്ടിയും വേദിയിലെത്തി.

അതേസമയം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നര കിലോമീറ്റര്‍ റോഡ് ഷോ നടത്തിയാണ് തേക്കിന്‍കാട് മൈതാനത്ത നടക്കുന്ന മഹിളാ സമ്മേളനമായ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയുടെ ഭാഗമാകുന്നത്. മോദിക്കൊപ്പം സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവരും റോഡ് ഷോയുടെ ഭാഗമായി വാഹനത്തിലുണ്ടായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഹെലികോപ്റ്റര്‍ മാര്‍ഗം അദ്ദേഹം കുട്ടനെല്ലൂര്‍ ഹെലിപാഡിലെത്തിയ അദ്ദേഹം ജില്ലാ ആശുപത്രി ജംഗ്ഷന്‍ വരെ റോഡ് മാര്‍ഗമാണ് എത്തിയത്. ഇതിന് ശേഷമാണ് സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ മോദിയുടെ ഒന്നരക്കിലോമീറ്റര്‍ റോഡ് ഷോ.അനില്‍ ആന്റണി, പി കെ കൃഷ്ണദാസ്, രാധാ മോഹന്‍ അഗര്‍വാള്‍, ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ വേദിയിലെത്തിയിട്ടുണ്ട്.

Top