സിഎഎക്കെതിരായ റാലിയില്‍ പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് യുവതി, എതിര്‍ത്ത് ഒവൈസി; നാടകീയത

ബംഗളൂരു: സിഎഎക്കെതിരെ ബംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പാകിസ്ഥാന് സിന്ദാബാദ് മുഴക്കിയ യുവതിയെ പൊലീസ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ചിക്കമംഗളൂരു സ്വദേശിനി അമൂല്യ ലിയോണയാണ് പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചത്. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കേസാണ് ചുമത്തിയിരിക്കുന്നത്.

എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പ്രതിഷേധ പരിപാടിയിലായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് യുവതിയെ ഒവൈസി എതിര്‍ക്കുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. എന്നാല്‍ യുവതി അദ്ദേഹത്തെ കണക്കിലെടുക്കാതെ പാകിസ്ഥാന്‍ സിന്ദാബദ്… ഹിന്ദുസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങളുമായി വേദിയില്‍ തന്നെ തുടര്‍ന്നു.

ബംഗളൂരു ഫ്രീഡം പാര്‍ക്കിലെ പ്രതിഷേധ റാലിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തന്റെ പ്രസംഗം കഴിഞ്ഞ് ഒവൈസി മടങ്ങുമ്പോഴായിരുന്നു യുവതി ഇത്തരത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളി നടത്തിയത്. ഉടനെ വേദിയുടെ മുന്നിലേക്കെത്തി ഒവൈസി അമൂല്യയെ തടയുകയും മൈക്ക് പിടിച്ചു വാങ്ങുകയും ചെയ്തു. പിന്നാലെ പൊലീസ് വേദിയിലെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു..

എന്നാല്‍ യുവതിയെ വേദിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് സംഘാടകര്‍ അറിയിച്ചു. ഇത്തരക്കാര്‍ പരിപാടിയില്‍ എത്തുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ പങ്കെടുക്കില്ലായിരുന്നുവെന്ന് ഒവൈസി പ്രതികരിച്ചു. സംഭവം ഏറ്റെടുത്ത ബിജെപി വ്യാപകപ്രതിഷേധം സംഘടിപ്പിക്കുകയാണ്. പൗരത്വ പ്രക്ഷോഭങ്ങളിലെ പാകിസ്താന്‍ ബന്ധം വ്യക്തമായെന്നാണ് ബിജെപിയുടെ വിമര്‍ശനം.

Top