പൗരത്വ ഭേദഗതി; അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതിക്ക് മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരിക്കെ സുപ്രീംകോടതിക്ക് മുന്നില്‍ അര്‍ദ്ധരാത്രിയില്‍ അപ്രതീക്ഷിത പ്രതിഷേധം.ഇന്നലെ രാത്രി 11 മണിയോടെയാണ് 50ലധികം വരുന്ന സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ കോടതിക്ക് മുന്നില്‍ എത്തിയത്.

ഡല്‍ഹി റാണി ഗാര്‍ഡനില്‍നിന്നുള്ള പ്രതിഷേധക്കാരാണ് ഭഗവന്‍ റോഡിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഇവരെ ഉടന്‍ തന്നെ പോലീസ് നീക്കി. ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പൗരത്വ ഭേദഗതിക്കെതിരായ 133 ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റീസുമാരായ എസ്. അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു കേസില്‍ ഇത്രയും അധികം ഹര്‍ജികള്‍ വരുന്നത്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളാ സര്‍ക്കാര്‍ സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്യൂട്ട് ഹര്‍ജിയായതിനാല്‍ അത് പ്രത്യേകം പരിഗണിക്കാനാകും സാധ്യത.

Top