വനിതാ പ്രീമിയർ ലീഗ്; ഡല്‍ഹിക്കെതിരെ ആർസിബിക്ക് കനത്ത തോല്‍വി

മുംബൈ: വനിതാ പ്രീമിയർ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കൂറ്റൻ സ്കോറിന് മുന്നില്‍ കീഴടങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഡല്‍ഹി മുന്നോട്ടുവെച്ച 224 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് 60 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. ബാറ്റിംഗില്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും(72), സഹ ഓപ്പണർ ഷെഫാലി വർമ്മയും(84) ഡല്‍ഹിക്കായി തിളങ്ങിയപ്പോള്‍ പിന്നാലെ അഞ്ച് വിക്കറ്റുമായി ടാരാ നോറിസാണ് ആർസിബിയുടെ സ്വപ്നങ്ങളെല്ലാം എറിഞ്ഞിട്ടത്. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‍മൃതി മന്ദാനയാണ് ആർസിബിയുടെ ടോപ് സ്കോറർ.

മറുപടി ബാറ്റിംഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഓപ്പണർമാരായ സ്‍മൃതി മന്ദാനയും സോഫീ ഡിവൈനും മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടതിന് തുടർച്ചയുണ്ടായില്ല. ഇരുവരും ഒന്നാം വിക്കറ്റില്‍ 4.2 ഓവറില്‍ 41 റണ്‍സ് നേടി. 11 പന്തില്‍ 14 റണ്‍സുമായി സോഫീയും 23 പന്തില്‍ 5 ഫോറും ഒരു സിക്സോടെയും മന്ദാനയും എലീസ് ക്യാപ്സിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 10 ഓവർ പൂർത്തിയാകുമ്പോള്‍ 88-2 ആയിരുന്നു സ്കോർ. ഓസീസ് സൂപ്പർ താരം എലിസ് പെറിയെ 19 പന്തില്‍ 5 ഫോറുകളുമായി 31 റണ്‍സെടുത്ത് നില്‍ക്കവേ ടാരാ നോറിസ് ബൗള്‍ഡാക്കിയത് ആർസിബിക്ക് തിരിച്ചടിയായി.

ഇതിന് ശേഷം ദിഷാ കസാത്തും(11 പന്തില്‍ 9), റിച്ച ഘോഷും(4 പന്തില്‍ 2), കനിക അഹൂജ(1 പന്തില്‍ 0) നോറിസിന് കീഴടങ്ങി. 3 പന്തില്‍ 2 റണ്‍സെടുത്ത ആശ ശോഭനയെ ശിഖ പാണ്ഡെ പുറത്താക്കിയതോടെ ആർസിബി 13.1 ഓവറില്‍ 96-7 എന്ന നിലയില്‍ തകർന്നു. അവിടുന്നങ്ങോട്ട് ഹീത്തർ നൈറ്റും മേഗന്‍ ഷൂട്ടും നടത്തിയ ആക്രമണമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ തോല്‍വി ഭാരം കുറച്ചത്. 21 പന്തില്‍ രണ്ട് വീതം ഫോറും സിക്സുകളോടെയും 34 റണ്‍സ് നേടിയ ഹീത്തറിനെ പുറത്താക്കി ടാരാ നോറിസ് അഞ്ച് വിക്കറ്റ് തികച്ചു. നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് നോറിസിന്റെ അഞ്ച് വിക്കറ്റ് നേട്ടം. 19 പന്തില്‍ 5 ഫോറുകളോടെ 30* റണ്‍സുമായി മേഗന്‍ ഷൂട്ടും 8 പന്തില്‍ 2* റണ്‍സോടെ പ്രീതി ബോസും പുറത്താകാതെ നിന്നു.

നേരത്തെ, ആർസിബിക്കെതിരെ ആദ്യം ബാറ്റ് ചെയ്‍ത ഡൽഹി ക്യാപിറ്റൽസ് ഓപ്പണർമാരുടെ മികവില്‍ കൂറ്റൻ സ്കോർ പടുത്തുയർത്തുകയായിരുന്നു. ഡൽഹി 20 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 223 റൺസെടുത്തത്. വെടിക്കെട്ട് അർധ സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണർമാരായ ഷെഫാലി വർമ്മയും ക്യാപ്റ്റൻ മെഗ് ലാന്നിംഗുമാണ് ഡൽഹിക്ക് ഹിമാലന്‍ സ്കോർ സമ്മാനിച്ചത്. ഷെഫാലി വർമ്മ 45 പന്തിൽ 10 ഫോറും 4 സിക്സുകളോടെയും 84 ഉം മെഗ് ലാന്നിംഗ് 43 പന്തിൽ 14 ഫോറുകളുടെ സഹായത്തോടെ 72 ഉം റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച മരിസാനെ ക്യാപ്പും ജെമീമ റോഡ്രിഗസും സ്കോർ 200 കടത്തി. മരിസാനെ ക്യാപ്പ് 17 പന്തിൽ 39* ഉം ജെമീമ 15 പന്തിൽ 22* റൺസും നേടി പുറത്താകാതെ നിന്നു. ഹീത്തർ നൈറ്റാണ് ഇരു വിക്കറ്റുകളും നേടിയത്.

വനിതാ ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങളുള്ള ദിവസമാണ്. ഇന്നത്തെ രണ്ടാമത്തെ കളിയില്‍ യുപി വാരിയേഴ്സ് വൈകിട്ട് ഏഴരയ്ക്ക് ഗുജറാത്ത് ജയന്റ് സിനെ നേരിടും. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ 143 റണ്‍സിന് ഗുജറാത്തിനെ തകർത്തിരുന്നു.

Top