ദുര്‍ഗാ ദേവിക്ക് നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണം; മോദി

ന്യൂഡല്‍ഹി: ദുര്‍ഗ ദേവിക്ക് നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട് ബംഗാളില്‍ ബിജെപി സംഘടിപ്പിച്ച വിര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദുര്‍ഗാപൂജ ആശംസകള്‍ ജനങ്ങളെ അറിയിച്ച മോദി എല്ലാവരും ആഘോഷവേളയിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അഭ്യര്‍ഥിച്ചു.

ദുര്‍ഗാദേവി ശക്തിയുടെ പ്രതീകമായാണ് ആരാധിക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടി പല പ്രവര്‍ത്തനങ്ങളും നടത്തുന്നു. 22 കോടി സ്ത്രീകള്‍ക്ക് ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറന്നുകൊണ്ട് അവര്‍ക്ക് വായ്പ നല്‍കുന്നു, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി, സേനയില്‍ സ്ത്രീകള്‍ക്ക് സ്ഥിരമായ കമ്മീഷന്‍ പദവി, പ്രസവാവധി 12ല്‍ നിന്നും 26 ആഴ്ചയായി ഉയര്‍ത്തല്‍ എന്നിവ അതില്‍ ചിലതാണ്.’- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഞങ്ങളുടെ കാഴ്ചപ്പാടുകളായ ആത്മനിര്‍ഭര്‍ ഭാരത്, സ്വാശ്രയ ഇന്ത്യ എന്നിവ ബംഗാളില്‍ നിന്നും ശക്തിപ്പെടേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ സംസ്‌കാരം, വികസനം, അഭിമാനം എന്നിവയെ പുതിയ തലത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ വികസനം കേന്ദ്രം ഉറപ്പുവരുത്തുന്നുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top