ഭര്‍ത്താവിന് തന്നെക്കാള്‍ സ്‌നേഹം കുഞ്ഞിനോട്; യുവതി പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

crime

ഉക്രെയ്ന്‍: ഭര്‍ത്താവ് തന്നെക്കാള്‍ അമിതമായി കുഞ്ഞിനെ സ്‌നേഹിക്കുന്നത് സഹിക്കാന്‍ കഴിയാതെ യുവതി പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉക്രെയിനിലെ റിവ്‌നെ ഓബ്ലാസ്റ്റ് റീജിയണിലാണ് ദാരുണമായ സംഭവം നടന്നത്.

മൂന്നാഴ്ചകള്‍ക്ക് മുമ്പാണ് 26 കാരനായ യുവാവിനും 21 കാരിയായ യുവതിക്കും പെണ്‍കുഞ്ഞ് ജനിച്ചത്. ഭര്‍ത്താവിന്റെ അമ്മയും കുഞ്ഞിനെ ലാളിക്കുന്നത് യുവതിക്ക് സഹിക്കാനായില്ല. ഇതോടെ കുഞ്ഞിനെ കൊലപ്പെടുത്താന്‍ യുവതി തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം വീട്ടിലെ മാലിന്യങ്ങള്‍ കളയുന്നതിനായി ഭര്‍ത്താവ് പുറത്തുപോയ തക്കം നോക്കി യുവതി പിഞ്ചു കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരികെ എത്തിയ ഭര്‍ത്താവ് ഭാര്യയുടെ കയ്യില്‍ രക്തക്കറ കാണുകയും വീടുനുള്ളില്‍ നോക്കിയപ്പോള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചു.

മകന്‍ പുറത്തേക്ക് പോയപ്പോള്‍ അടുക്കളയില്‍നിന്നും കത്തിയുമായി എത്തി മരുമകള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവിന്റെ അമ്മ പൊലീസിനെ അറിയിച്ചു. താനും മകനും കുഞ്ഞിനെ ലാളിക്കുന്നതില്‍ മരുമകള്‍ അസ്വസ്ഥയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

Top