കടലിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ നേവിയിലെ പെണ്‍പുലികള്‍ ; സല്യൂട്ടടിച്ച് സോഷ്യല്‍ മീഡിയ

woman navy

ന്യൂഡല്‍ഹി: പെണ്‍കുഞ്ഞ് പിറന്നാല്‍ ഇക്കാലത്തും നെറ്റിചുളിക്കുന്നവരാണ് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും. പെണ്ണ് ഒരു ബാധ്യതയാണെന്ന മുന്‍വിധിയും ചിന്തകളുമാണ് ഇന്ത്യക്കാരെ പെണ്‍വിരോധികളാക്കി മാറ്റുന്നത്. എന്നാല്‍ സ്വപ്രയത്‌നവും കഴിവും ഉപയോഗിച്ച് എല്ലാ മേഖലകളിലും പെണ്‍കൈകള്‍ ഇന്ന് എത്തപ്പെടുന്നുണ്ട്. ഏത് പ്രതിസന്ധിയും അതിജീവിച്ച് കരുത്ത് തെളിയിക്കുമെന്ന് ഇന്ത്യന്‍ പെണ്‍താരങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്.

ഇതിനുദാഹരണമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ധീരകളായ 6 നേവി ഉദ്യോഗസ്ഥകളുടെ കരുത്ത് വ്യക്തമാക്കുന്ന വീഡിയോ. വനിതകള്‍ മാത്രമുള്ള നേവി ടീം ശക്തമായ കാറ്റില്‍ വന്‍ തിരമാലകള്‍ക്കിടയിലൂടെ കപ്പലില്‍ യാത്ര ചെയ്യുന്ന ഇന്ത്യന്‍ നേവി പുറത്തു വിട്ട വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പസഫിക് ഐലന്റില്‍ നിന്നുള്ളതാണ് വീഡിയോ. വന്‍ തിരമാലകള്‍ അടിച്ചുകയറുമ്പോഴും കപ്പല്‍ സാഹസികമായി നിയന്ത്രിക്കുന്ന നേവി ഉദ്യോഗസ്ഥകള്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അഭിമാനമാണ്.

ഒരിക്കലും നടക്കില്ല എന്ന് ഉറപ്പിച്ച് ഓരോ സ്ത്രീയും ഉള്ളില്‍ ഒതുക്കുന്ന സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യാത്ര തുടങ്ങുന്നതിന് മുമ്പായി സംഘം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഐതിഹാസിക യാത്രയിലൂടെ ഓരോ ഇന്ത്യക്കാരെയും സാഹസിക യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ലെഫ്റ്റനന്റ് കമാന്റര്‍ വര്‍തിക ജോഷിയുടെ നേതൃത്വത്തിലാണ് സംഘം യാത്ര തിരിച്ചത്. ഗോവയില്‍ നിന്നും ആരംഭിച്ച യാത്ര ഓസ്‌ട്രേലിയയിലും, ന്യൂസിലാണ്ടിലും നങ്കുരമിട്ടു. ദക്ഷിണാഫ്രിക്കയിലുള്ള ഫാള്‍ക്ലാണ്ട് ദ്വീപിലാണ് അടുത്തതായി സംഘം എത്തുക. മാര്‍ച്ചില്‍ സംഘം ഇന്ത്യയിലേക്ക് യാത്ര തിരിക്കും.

Top