ചരിത്രത്തിലാദ്യമായി മഹ്റമില്ലാതെ ഹജ്ജ് ചെയ്ത് സ്ത്രീകള്‍

മക്ക: കൊവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിതമായി ഒരുക്കിയ ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനം മറ്റൊരു നേട്ടത്തിന് കൂടി ചരിത്രത്തില്‍ സ്മരിക്കപ്പെടും. സ്ത്രീകള്‍ക്ക് ആണ്‍തുണ (മഹ്റം) ഇല്ലാതെ സ്വന്തമായി ഹജ്ജ് ചെയ്യാനുള്ള അവസരം ലഭിച്ചുവെന്നതാണ് ഇത്തവണത്തെ ഹജ്ജിന്റെ സവിശേഷതകളിലൊന്ന്. ഇതുവരെ 45നു താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ഥാടനം നിര്‍വഹിക്കണമെങ്കില്‍ ഭര്‍ത്താവോ പിതാവോ സഹോദരനോ പോലുള്ള വിവാഹബന്ധം വിലക്കപ്പെട്ട അടുത്ത കുടുംബക്കാര്‍ അഥവാ മഹ്റം കൂട്ടായി ഉണ്ടാവണമെന്നായിരുന്നു വ്യവസ്ഥ.

എന്നാല്‍ ആ വ്യവസ്ഥ ഒഴിവാക്കാന്‍ സൗദി അധികൃതര്‍ ഇത്തവണ തീരുമാനമെടുക്കുകയായിരുന്നു. ഹജ്ജ് രജിസ്ട്രേഷന്‍ വേളയില്‍ തന്നെ സൗദി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആയിരക്കണക്കിന് സ്ത്രീകളാണ് ഈ അവസരം ഉപയോഗപ്പെടുത്തി ഹജ്ജ് തീര്‍ഥാടനത്തിനെത്തിയത്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ്യത്ത് നടപ്പിലാക്കുന്ന സാമൂഹിക പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് സ്ത്രീകള്‍ക്ക് പുരുഷ രക്ഷിതാവിന്റെ കൂടെ മാത്രമേ ഹജ്ജിന് പോകാവൂ എന്ന വ്യവസ്ഥ ഇളവ് ചെയ്തത്. മഹ്റമിന്റെ കൂടെ പോകുന്നതിന് പകരം സ്ത്രീകള്‍ക്ക് വനിതകളുടെ ഗ്രൂപ്പിലെ അംഗമായി പോയാല്‍ മതിയെന്നായിരുന്നു പുതിയ നിര്‍ദ്ദേശം.

സ്ത്രീകള്‍ ഒറ്റയ്ക്കു പോകുന്നതിലെ സാങ്കേതിക പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു നിബന്ധന വച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്. പതിനായിരക്കണക്കിന് ആളുകള്‍ ഒരുമിച്ചു കൂടുന്ന സ്ഥലത്ത് താമസവും വാഹനവും മറ്റും ഷെയര്‍ ചെയ്യാന്‍ വനിതകള്‍ സംഘമായി പോകുന്നത് ഗുണം ചെയ്യുമെന്നാണ് ഹജ്ജ് ഉംറ കാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി 60,000 പേര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജ് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ 58,518 പേര്‍ക്കാണ് ഹജ്ജിന് എത്താന്‍ അവസരം ലഭിച്ചത്. ഇവരില്‍ 40 ശതമാനം പേരും സ്ത്രീകളായിരുന്നുവെന്ന് ഹജ്ജ് ഇംറ കാര്യ മന്ത്രാലയം അറിയിച്ചു.

 

Top