നാല്‌ മതിലുകളല്ല ജീവിതം; മദ്യപാനികളെ നേര്‍ വഴിക്ക് നയിക്കാന്‍ പെണ്‍പുലികള്‍

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ ബസ്തറില്‍ മദ്യപാനത്തിന് എതിരെ ബോധവല്‍ക്കരണവുമായി ഒരു സംഘം സ്ത്രീകള്‍ രംഗത്ത്. ബസ്തറിലെ ശാന്തി നഗര്‍ വാര്‍ഡില്‍ ബ്ലു ഗ്യാങ് എന്ന് അറിയപ്പെടുന്ന പതിമൂന്ന് സ്ത്രീകള്‍ ചേര്‍ന്ന സംഘമാണ് പ്രദേശത്ത് മദ്യപാനത്തിന് എതിരെ ബോധവത്ക്കരണം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

മദ്യപാനികളെ നിരീക്ഷിക്കുകയും മദ്യത്തിന് അടിമപ്പെട്ടവരെ കണ്ടെത്തി കൗണ്‍സിലിംങ് നടത്തുകയും അവരെ നല്ല ജീവിതത്തിലേയ്ക്ക് തിരികെ എത്തിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയുമാണ് ബ്ലൂ ഗ്യാങിലെ സ്ത്രീകളുടെ ലക്ഷ്യം. പ്രത്യേകമായി ബസ്, ഓട്ടോ ഡ്രൈവര്‍മാര്‍, റിക്ഷാ ഡ്രൈവര്‍മാര്‍ എന്നിവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്താനാണ് വോളന്റിയര്‍മാരുടെ ശ്രമം.

WOMEN

ശാന്തി നഗര്‍ പ്രദേശത്ത് വൈകുന്നേരം എട്ടുമണി മുതല്‍ ഈ വനിതാ സംഘം പട്രോളിങ് സംഘടിപ്പിക്കും. മദ്യത്തിനെതിരായ ഈ വനിതാ കൂട്ടായ്മയുടെ യുദ്ധസമയം, ഏതെങ്കിലും ഒരു ഹോട്ടലും ഇവര്‍ക്കായി തുറന്നു കിടക്കും. പ്രദേശത്തെ ബസ് സ്റ്റാന്‍ഡുകള്‍, ഹോട്ടലുകള്‍, ഒറ്റപ്പെട്ട പ്രദേശങ്ങള്‍, മദ്യപാനികള്‍ കൂടാന്‍ കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇവര്‍ സന്ദര്‍ശനം നടത്തും.

തങ്ങളുടെ വീടുകളില്‍ ഭര്‍ത്താക്കന്‍മാര്‍ മദ്യം കഴിച്ച് എത്തുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ തന്നെയാണ് ഇത്തരത്തിലൊരു പദ്ധതിയ്ക്ക് രൂപം നല്‍കുവാന്‍ പ്രചോദനമായതെന്ന് ബ്ലൂ ഗ്യാങിലെ സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞു. മദ്യത്തിന്റെ പിടിയില്‍ നിന്നും ഭര്‍ത്താക്കന്‍മാരും മറ്റുള്ളവരും രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

DD

മദ്യത്തിനെതിരായ ബ്ലൂ ഗ്യാങിന്റെ പ്രവര്‍ത്തനത്തെ ശാന്തി നഗറിലെ പൊലീസും ഉദ്യോഗസ്ഥരും അനുമോദിക്കുകയാണ്. ഈ വനിതകള്‍ ചെയ്യുന്നത് ഒരു വലിയ ജോലിയാണെന്നും മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍ എന്തെന്ന് മറ്റുള്ളവരിലേയ്ക്ക് എത്തിക്കുവാന്‍ അവര്‍ വളരെയധികം പ്രയത്‌നിക്കുന്നുണ്ടെന്നും, ഈ ശ്രമത്തില്‍ പൊലീസും വനിതകള്‍ക്ക് ഒപ്പമുണ്ടാകുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പല വീടുകളിലും പ്രശ്‌നങ്ങള്‍ക്ക് കാരണമായും, പല യുവാക്കളെയും മോശമായ അവസ്ഥയിലേയ്ക്ക് കൊണ്ടു പോകുന്നതിനും നക്‌സല്‍ ഭീകരവാദം, മദ്യപാനംപോലുള്ളവ കാരണമാകുകയാണ്. മദ്യപാനം പല പ്രശ്‌നങ്ങള്‍ക്കാണ് വഴി വെച്ചു കൊണ്ടിരിക്കുന്നത്.

പല ഡ്രൈവര്‍മാരും മദ്യപിച്ച് വാഹനം ഓടിച്ച് അപകടങ്ങള്‍ സൃഷ്ടിക്കുന്നത് പലപ്പോഴും വാര്‍ത്തകളാകാറുണ്ട്. ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്തി നേരായ മാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുവാന്‍ നാലു മതിലുകള്‍ക്ക് ഉള്ളില്‍ നിന്നും ബ്ലൂ ഗ്യാങിലെ പെണ്‍ പുലികള്‍ മുന്നോട്ടു വന്നിരിക്കുകയാണ്.

Top