women-entry-in-sabarimala-rss-against-sangh-parivar

കോഴിക്കോട് : ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ആര്‍എസ്എസും പരിവാര്‍ പ്രസ്ഥാനങ്ങളും രണ്ടു തട്ടില്‍. ക്ഷേത്രങ്ങളില്‍ ലിംഗസമത്വം ഉറപ്പു വരുത്തണമെന്ന ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് ആവര്‍ത്തിച്ചു മുഖവാരികയില്‍ ആര്‍എസ്എസ് താത്വികാചാര്യന്‍ ആര്‍.ഹരിയുടെ ലേഖനം.

ആര്‍എസ്എസ് നിലപാടിനോട് ബിജെപിയും ഹിന്ദു ഐക്യവേദിയുമുള്‍പ്പെടെയുള്ള പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കാണു വിയോജിപ്പുള്ളത്.

ശബരിമലയിലെ 41 ദിവസത്തെ വ്രതം തീരുമാനിച്ചതു പരുഷന്മാര്‍ചേര്‍ന്നായിരിക്കും സ്ത്രീകളോട് അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ യുവതികളെ കൂടി പരിഗണിക്കുമായിരുന്നു. വൈദിക കാലം മുതല്‍ ആരാധനകളില്‍ സ്ത്രീകളെ ഒരിടത്തും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും ആര്‍.ഹരി കേസരി വാരികയിലെ ലേഖനത്തില്‍ പറയുന്നു.

എന്നാല്‍ ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ ഈ നിലപാട് ശബരിമലയില്‍ പ്രാവര്‍ത്തികമല്ലെന്നാണു പരിവാര്‍ പ്രസ്ഥാനങ്ങളുടെ പൊതുവെയുള്ള അഭിപ്രായം.

ശബരിമലയിലെ സംസ്‌കൃതിയെയും പാരമ്പര്യത്തെയും തല്‍കാലം ചോദ്യം ചെയ്യേണ്ടതില്ലെന്നാണു ബിജെപിയുടെയും ഹിന്ദുഐക്യവേദിയുടെയും നിലപാട്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തെയും നിത്യപൂജയെയും അനുകൂലിച്ചു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ കുറിപ്പു സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ ശക്തമായ അഭിപ്രായ വ്യത്യാസമുണ്ട്.

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ച് ഒരുവിഭാഗം നടത്തിയ റെഡി ടു വെയിറ്റ് ക്യാംപെയിന് ആര്‍എസ്എസ് പിന്തുണയുണ്ടായിരുന്നില്ലെങ്കിലും വലിയ വിഭാഗം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്യാംപെയിനെ അനുകൂലിച്ചിരുന്നു.

വിശ്വാസികള്‍ക്കിടയിലുള്ള ഈ ആശയക്കുഴപ്പമാണു ബിജെപിയെ വലയ്ക്കുന്നത്. ഒപ്പം ആചാരപരമായ കാര്യങ്ങളില്‍ നമ്പൂതിരി സമുദായത്തിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാനുള്ള ഭയവും പ്രസ്ഥാനങ്ങള്‍ക്കുണ്ട്.

ഇതാദ്യമായാണ് ആര്‍എസ്എസ് പരസ്യമായി നിലപാടു വ്യക്തമാക്കിയ വിഷയത്തില്‍ പരിവാര്‍ പ്രസ്ഥാനങ്ങളില്‍നിന്ന് എതിര്‍ശബ്ദമുയരുന്നത്. ബിജെപിയും ഹിന്ദുഐക്യവേദിയുമുള്‍പ്പെടെയുള്ള പരിവാര്‍ പ്രസ്ഥാനങ്ങള്‍ യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല

Top