കര്‍ശന സുരക്ഷയില്‍ സന്നിധാനം ; കാൽനടയായി തീർത്ഥാടകർ എത്തിതുടങ്ങി

പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ കാല്‍നടയായി തീര്‍ത്ഥാടകരെത്തി എത്തിതുടങ്ങി. പമ്പയിലും പരിസരത്തും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസ് സംഘം ഉള്‍പ്പെടെ ഉള്ളവര്‍ പമ്പയിലെത്തി. ഇലവുങ്കലില്‍ പരിശോധന നടത്തിയശേഷമാണ് നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നത്.

നേരത്തെ മാധ്യമങ്ങളെ ഇലവുങ്കലില്‍ പൊലീസ് തടഞ്ഞിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി മാധ്യമ സംഘത്തെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 11 മുതല്‍ നിലയ്ക്കലിലേക്ക് തീര്‍ഥാടകര്‍ക്കു പ്രവേശനം അനുവദിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച വൈകുന്നേരം തുറക്കുന്ന സാഹചര്യത്തിലാണിത്.

അതേസമയം ശബരിമല പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം രാവിലെ 11-നും പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചര്‍ച്ചയും ഇന്ന് നടക്കും. നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സര്‍വ്വയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗം.

Top