യുവതി പ്രവേശം; നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി സ്റ്റേയുണ്ട്: എ.കെ.ബാലന്‍

പാലക്കാട്: ശബരിമല വിഷയത്തില്‍ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി നോക്കിയാല്‍ സ്റ്റേയുണ്ടെന്ന് മന്ത്രി എ.കെ. ബാലന്‍. വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതോടെ 2018ലെ വിധി എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. കോടതി വിധി അനുസരിച്ചേ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സാധിക്കൂ. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതീപ്രവേശന വിധി നടപ്പാക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. ജഡ്ജിമാര്‍ക്കിടയില്‍ തന്നെ ആശയകുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിധി നടപ്പാക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ലിംഗ സമത്വം ഉയര്‍ത്തിപ്പിക്കുന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഎം പോളിറ്റ്‌ ബ്യൂറോ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനും മറിച്ചൊരു നിലപാടില്ലെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പിബി യോഗം വിലയിരുത്തിയെങ്കിലും ശബരിമലയിലെക്കെത്തുന്ന യുവതികളെ തടയാന്‍ നിലയ്ക്കലും പമ്പയിലും കര്‍ശന പരിശോധന തുടരുകയാണ്.

Top