കേരളത്തിലെ ‘മാധ്യമ വിധിയെഴുത്ത് ‘ ഇങ്ങനെ കാണാം!

ബരിമല വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചാ കേന്ദ്രമാകുന്നു. രാഷ്ട്രീയ അതിപ്രസരമാണ് മിക്ക ചാനല്‍ വാര്‍ത്തകള്‍ക്കും പിന്നിലെന്നാണ് ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് പൊതുസമൂഹത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആ ആഴ്ച്ചയിലെ ചാനല്‍ റേറ്റിങ്ങില്‍ സംഘപരിവാര്‍ ചാനല്‍ രണ്ടാമത് എത്തിയത് മറ്റ് ചാനലുകളെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. സംഘപരിവാറിന്റെ രാഷ്ട്രീയലക്ഷ്യം നടപ്പിലാക്കുകയെന്നതായിരുന്നു ആ ചാനലിന്റെ മുഖ്യ അജണ്ട.

SABARIMALA

എന്നാല്‍ കേരളീയ സമൂഹത്തില്‍ ഇന്നു വരെയും സംഘപരിവാര്‍ രാഷ്ട്രീയത്തിന് വേണ്ടത്ര സ്വീകര്യത കൈവരിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ വരുന്ന മാറ്റമാണ് സംഘപരിവാര്‍ ചാനലിന്റെ റേറ്റിങില്‍ ദൃശ്യമായിരിക്കുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിനോട് യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന സമൂഹമാണ് കേരളത്തിലേത്. അധികാരത്തിലിരിക്കുന്ന സിപിഎമ്മും കോടതി വിധി നടപ്പിലാക്കണമെന്ന ഉറച്ച നിലപാടിലാണ്.

അതേസമയം കോണ്‍ഗ്രസ്സിലാകട്ടെ വ്യക്തിപരമായി രാഹുല്‍ഗാന്ധി യുവതീ പ്രവേശനത്തെ അനുകൂലിക്കുമ്പോഴും സംസ്ഥാന ഘടകം യുവതീ പ്രവേശനത്തെ എതിര്‍ക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തെ വാര്‍ത്താ ചാനലുകള്‍ ഇക്കാര്യത്തില്‍ പക്ഷം പിടിക്കുന്ന തരത്തില്‍ തന്നെയാണ് വാര്‍ത്ത നല്‍കിയത്. പല മുഖ്യധാര ചാനലുകളും സ്ത്രീ സമത്വത്തെ പിന്തുണച്ചു കൊണ്ട് സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന നിലപാട് തന്നെയാണ് സ്വീകരിച്ചത്. അതേസമയം ബ്രേക്കിങില്‍ സംഘപരിവാര്‍ ചാനല്‍ നടത്തിയ മുന്നേറ്റം പല ചാനലുകളുടെയും പരസ്യ നിലപാടുകളെ മാറ്റുന്ന തരത്തിലേക്കാകുകയും ചെയ്തു. അതുകൊണ്ട് തന്നെ കേരളത്തിന്റെ മനസാക്ഷി ആ ചാനല്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം അജണ്ടയ്‌ക്കൊപ്പമാണോയെന്ന് സംശയം ഉയര്‍ന്നിരിക്കുകയാണ്. യുവതീ പ്രവേശനത്തെച്ചൊലി ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും സന്നിധാനത്തേക്ക് എത്തിക്കുവാന്‍ നടന്ന നീക്കങ്ങള്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ച കാഴ്ച്ചകളെല്ലാം കണ്ടതാണ്.

ചുംബനസമരത്തിന് വേണ്ടി മുറവിളി കൂട്ടിയ ചാനലുകള്‍ക്ക് ഇതൊരു തിരിച്ചടിയാകുകയും ചെയ്തു. കിസ് ഓഫ് ലവ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചതിന് പരസ്യ പിന്തുണയുമായി എത്തിയത് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും തന്നെയാണ്. അന്ന് കിസ് ഓഫ് ലവിന്റെ അണിയറ ശില്‍പ്പികളില്‍ ഒരാള്‍ ആയിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടൊപ്പമാണ്.

SABARIMALA

ഇന്ന് പ്രതിപക്ഷ നേതാവിന്റെ നിലപാടാകട്ടെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് എതിരാണ്. എന്നാല്‍ അന്നത്തെ മാധ്യമപ്രവര്‍ത്തകനും കിസ് ഓഫ് ലവിന് വേണ്ടി നിലകൊണ്ട വ്യക്തിയുമായ ഇന്ന് ചെന്നിത്തലയുടെ സന്തത സഹചാരി തന്റെ നിലപാട് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൂടി പോലും വ്യക്തമാക്കുന്നില്ല. ഇങ്ങനെ എല്ലാം തുറന്നു കാട്ടുന്നത് മാധ്യമപ്രവര്‍ത്തകരുടെ എല്ലാം തന്നെ ഇരട്ടത്താപ്പാണ്.

ശബരിമലയില്‍ മാധ്യമ വിലക്ക് ഉണ്ടായിട്ട് ഒന്ന് പ്രതിഷേധിക്കുന്നതിന് പോലും കേരളത്തിലെ പ്രബല മാധ്യമ പ്രവര്‍ത്തകരുടെ സംഘടന പോലും തയ്യാറായില്ല. ഫോണ്‍ കെണിയില്‍ എ.കെ.ശശീന്ദ്രന്‍ കുടുങ്ങിയപ്പോള്‍ അതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ചാനലിനെതിരെ നില കൊണ്ടവരൊന്നും ഇരുമുടിക്കെട്ടില്‍ നാപ്കിന്‍ ആണെന്ന് പറഞ്ഞ മറ്റൊരു ചാനലിനെതിരെ അത് അല്ലായിരുന്നുവെന്ന് പറയാന്‍ പോലും മുതിര്‍ന്നില്ല. മറ്റ് മാധ്യമങ്ങള്‍ക്ക് ഇത് അല്ലായെന്ന് തെളിയിക്കാന്‍ കഴിയാത്തതു സംഘപരിവാര്‍ ഉടമസ്ഥതയിലുള്ള ചാനലിന്റെ റേറ്റിങ് ഉയര്‍ത്തി. വാര്‍ത്തയില്‍ ഉന്നയിച്ച ആരോപണം സത്യമാണെങ്കില്‍ ആ സത്യസന്ധമായ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിനു പോലും മറ്റ് മാധ്യമങ്ങള്‍ തയ്യാറായതുമില്ല. ഇങ്ങനെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുടെ സംഘടനയും പലപ്പോഴും സംഘപരിവാര്‍ വിരുദ്ധ നിലപാടും സിപിഎം അനുകൂല നിലപാടുമാണ് സ്വീകരിച്ചിരുന്നത്.

എ.കെ. ശശീന്ദ്രന്‍ രാജിവെച്ച് പ്രതിരോധത്തിലായ എല്‍ഡിഎഫിന് പോലും കരുത്ത് പകര്‍ന്ന നിലപാട് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയുടേതാണ്. അന്നെല്ലാം കേരളത്തിലെ മാധ്യമ രംഗം സിപിഎം അനുകൂല മാധ്യമങ്ങളുടെ കുത്തകയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുന്ന ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചപ്പോല്‍ ഇതിനെ എതിര്‍ത്ത് ഒപ്പ് വെച്ചതും ചില മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ്.

എന്നാല്‍ മീടുവില്‍ കുടുങ്ങി സംസ്ഥാനത്തെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സ്ഥാപനത്തില്‍ നിന്ന് പുറത്തായപ്പോള്‍ ഇവരാരും പ്രതികരിച്ച് കണ്ടതുമില്ല. ഇങ്ങനെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും നിലപാടില്‍ വെള്ളം ചേര്‍ക്കുകയും തങ്ങളുടെ രാഷ്ട്രീയത്തെ മാധ്യമപ്രവര്‍ത്തനം എന്ന തൊഴിലിലൂടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഈ മാധ്യമപ്രവര്‍ത്തനത്തിന്റെ ചുവപ്പു കോട്ടയിലേക്കാണ് സംഘപരിവാര്‍ ചാനല്‍ എത്തിയത്.

SABARIMALA

അംബാനിയുടെ ചാനലില്‍ ജോലി ചെയ്തു കൊണ്ട് പലരും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് തങ്ങള്‍ കമ്മ്യൂണിസ്റ്റാണെന്ന് വിളിച്ചു പറയുകയും ചെയ്യുന്നു. ഇവരില്‍ പലരും തങ്ങളുടെ ചാനലിന്റെ റേറ്റിങ് നില താഴ്ന്നപ്പോള്‍ എന്താണെന്ന് ചിന്തിക്കുക പോലും ചെയ്തിട്ടില്ല. കേരളത്തിലെ പൊതു സമൂഹവും കേരള മനസാക്ഷിയും മാറുന്ന കാര്യവും ഇവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ചില മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം സോഷ്യല്‍ മീഡിയയിലുടെയും കൊടുക്കുന്ന വാര്‍ത്തകളിലൂടെയും ബിജെപിയ്ക്കും മോദിക്കുമെതിരെ ശക്തമായ ജനവികാരം ഉണ്ടെന്ന് ആവര്‍ത്തിക്കകയും ചെയ്തിരുന്നു. ഇതിന് ഉത്തമോദാഹരണമാണ് നോട്ട് നിരോധനത്തിന് പിന്നാലെ നടന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത് ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകന്‍ നോട്ട് നിരോധനം തിരിച്ചടിയാകുമെന്നാണ് പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഉത്തര്‍പ്രദേശിന്റെ ചരിത്രത്തിലെ വലിയ ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തിലെത്തുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകന്റെ ഉള്ളിലെ അന്ധമായ രാഷ്ട്രീയം പല വാര്‍ത്തകളിലും പ്രതിഫലിച്ചപ്പോള്‍ അത് കേരളീയ സമൂഹം സ്വീകരിക്കുകയാണെന്ന തെറ്റിദ്ധാരണ അവര്‍ക്ക് ഉണ്ടാകുകയും ചെയ്തു. പുകള്‍പെറ്റ മാധ്യമപ്രവര്‍ത്തകര്‍ ഇല്ലാതെ സംഘപരിവാര്‍ ചാനല്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാട് വ്യക്തമായും ശക്തമായും വിളിച്ചു പറഞ്ഞുകൊണ്ടു തന്നെയാണ് ബ്രേക്കിങ്ങില്‍ രണ്ടാമത് എത്തിയതെന്നും ആണ് അവകാശ വാദം.

ജനം ടിവിയുടെ മാധ്യമപ്രവര്‍ത്തക സന്നിധാനത്തേക്ക് പോകുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു പാര്‍ട്ടി ചാനല്‍ വാര്‍ത്തകളില്‍ തന്നെ തമാശയും ദുരന്തവുമായി മാറി. ഇങ്ങനെ കേരളീയ സമൂഹത്തിലെ രാഷ്ട്രീയമാറ്റവും സാമൂഹികമാറ്റവും സംഘപരിവാറിന്റെ സ്വാധീനവും കൃത്യമായി മനസ്സിലാക്കാന്‍ കഴിയാതെ പൊട്ടകിണറ്റിലെ തവളകളായി തന്നെയാണ് മാധ്യമങ്ങള്‍ നിലകൊള്ളുന്നത്. ഇങ്ങനെയാണെങ്കില്‍ കേരളത്തിലെ സമൂഹത്തെ വഴിപിഴച്ചു പോകാതെ നിയന്ത്രിച്ചിരുന്ന മാധ്യമങ്ങളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും തള്ളപ്പെടുക

Top