പൊതു ഇടം എന്റേതും; പട്ടണക്കാട് ബ്ലോക്കിനു കീഴിൽ രാത്രി നടത്തം സംഘടിപ്പിച്ചു

ആലപ്പുഴ :സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി പട്ടണക്കാട് ബ്ലോക്കിന്റെ കീഴിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. ജില്ലാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച രാത്രി നടത്തത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ നേതൃത്വം നൽകി. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് അനിത സോമൻ, അരൂർ പഞ്ചായത്ത് പ്രസിഡന്റ് ബി രത്നമ്മ, പട്ടണക്കാട് ബ്ലോക്ക് വികസനകാര്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജ, വയലാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിശ്വംഭരൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

നൂറ്റിഅറുപതോളം വനിതകൾ നാലു സ്ഥലങ്ങളിൽ നിന്നും തുറവൂർ ജംഗ്ഷനിലേക്കു നടന്നെത്തി മെഴുകുതിരി കത്തിച്ച് പ്രതിജ്ഞയെടുത്തു. രാത്രി പതിനൊന്നിനു തുടങ്ങിയ നടത്തം ഒരുമണിയോടെ അവസാനിച്ചു. ബ്ലോക്കിലെ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരാണ് പരിപാടി സംഘടിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് വനിത അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് വനിത അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി. ശിശുവികസന വകുപ്പ് ഡിസംബർ 29നു ആരംഭിച്ച പാതിരാനടത്തം പരിപാടി അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരും.

Top