ആൾദൈവം ചമഞ്ഞ് സ്വർണവും പണവും തട്ടി; കുടുംബത്തെ കുരുതി കൊടുക്കുമെന്ന് ഭീഷണി

തിരുവനന്തപുരം: ആൾദൈവം ചമഞ്ഞ് ദുർമന്ത്രവാദത്തിന്റെ മറവിൽ വൻ കവർച്ച. വെള്ളായണിയിലാണ് കുടുംബത്തെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയത്. കുടുംബത്തിലെ ശാപം മാറ്റാനുള്ള പൂജയ്ക്കെത്തിയ കളിയിക്കാവിള സ്വദേശിനിയായ വിദ്യ എന്ന ആൾദൈവവും സംഘവും 55 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് കവർന്നത്. വെള്ളായണി കൊടിയിൽ വീട്ടിൽ വിശ്വംഭരനും മക്കളുമാണ് തട്ടിപ്പിനിരകളായത്.

സ്വർണവും പണവും പൂജാമുറിയിലെ അലമാരയിൽ പൂട്ടിവച്ച് പൂജിച്ചാലേ ഫലം കിട്ടൂവെന്ന് കുടുംബത്തെ പറഞ്ഞ് പറ്റിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. സ്വർണവും പണവും തിരികെ ചോദിച്ചപ്പോൾ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

കുടുംബത്തിലെ മരണങ്ങളിൽ മനം തകർന്നാണ് വിശ്വംഭരന്റെ കുടുംബം തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആൾദൈവമായ വിദ്യയേയും സംഘത്തേയും അഭയം പ്രാപിക്കുന്നത്. വിദ്യയും നാലംഗ സംഘവും 2021ൽ ആദ്യം പൂജക്കായി വെള്ളായണിയിലെ വീട്ടിലെത്തി.

സ്വർണവും പണവും പൂജാമുറിയിലെ അലമാരയിൽ വച്ച് പൂജിച്ചാൽ മാത്രമേ ദേവി പ്രീതിപ്പെടു എന്നു പറഞ്ഞു വിശ്വസിപ്പിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞപ്പോൾ അലമാര തുറക്കാൻ ആൾദൈവമെത്തിയില്ല. അന്വേഷിച്ചപ്പോൾ ശാപം തീർന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്നും മറുപടി. പിന്നീടത് ഒരു വർഷമായി.

ഒടുവിൽ ഗതികെട്ട് വീട്ടുകാർ തന്നെ അലമാര തുറന്നപ്പോൾ സ്വർണവുമില്ല, പണവുമില്ല. നഷ്ടമായവ വീണ്ടെടുക്കാൻ ഈ കുടുംബം സ്റ്റേഷനുകൾ കയറി ഇറങ്ങുകയാണ് ഇപ്പോൾ.

Top