യുവതിയെ തീകൊളുത്തി കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

fire

തൃശൂര്‍: ജനക്കൂട്ടം നോക്കിനില്‍ക്കെ ദളിത് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കമൃണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്കാണ് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്

കഴിഞ്ഞ ഞായറാഴ്ച തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ചെങ്ങാലൂര്‍ സ്വദേശിനി ജിതുവാണ് (26) മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് വിരാജ് ആണ് ജിതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജിതു ഇന്ന് രാവിലെയാണ് മരിച്ചത്. കഴിഞ്ഞ കുറെ നാളായി അകന്ന് കഴിയുകയായിരുന്നു ജിതുവും ഭര്‍ത്താവ് വിരാജും. വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണു കൊലപാതകം. ഞായറാഴ്ച കുടുംബശ്രീ യോഗത്തിനുശേഷം ജിതു പുറത്തിറങ്ങുമ്പോഴാണ് പെട്രോളൊഴിച്ച് കത്തിച്ചത്.

രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനു പൊള്ളലേല്‍ക്കുകയും ചെയ്തു. ജിതുവിനെ വിരാജ് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും നോക്കി നില്‍ക്കുകമാത്രമാണ് ചെയ്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവശേഷം ഒളിവില്‍ പോയ വിരാജിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Top