വനിതാ പൊലീസ് കോൺസ്റ്റബിളിനെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു

ലഖ്നൗ: വനിത പൊലീസ് കോൺസ്റ്റബിളിനെ പൊലീസ് ഉദ്യോഗസ്ഥനായ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം.ഭാര്യ പീഡനത്തിനിരയായ വിവരമറിഞ്ഞ ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി. സംഭവത്തിൽ ഭർത്താവ് ആബിദ്, ഭർതൃപിതാവ് നസീർ അഹമ്മദ് എന്നിവർക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് യുവതി ബലാത്സംഗത്തിനിരയായത്. വിവരം പുറത്ത് പറയരുതെന്നും അറിയിച്ചാൽ കൊലപ്പെടുത്തുമെന്ന ഭീഷണിയും നസീർ അഹമ്മദ് നൽകി. ഭയന്ന് പോയ യുവതി പീഡനവിവരം ഭർത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ ആബിദിനെ അറിയിച്ചു. ഭാര്യ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് വ്യക്തമായതോടെ ഇയാൾ മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി.

ഭർത്താവ് കയ്യൊഴിഞ്ഞതോടെ മീററ്റിലെ ഒരു പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കൂടിയായ യുവതി പൊലീസിൽ പരാതി നൽകി. ബലാത്സംഗ വിവരവും ഭർത്താവ് മുത്തലാഖ് ചൊല്ലിയ വിവരവും ഇവർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. മൂന്ന് വർഷം മുൻപാണ് ആബിദുമായുള്ള വിവാഹം നടന്നത്. ഇതിന് ശേഷം സ്ത്രീധനം അടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ച് ഭർതൃവീട്ടുകാർ ഉപദ്രവിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.

Top