കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: നടി കെപിഎസി ലളിതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍ രംഗത്ത്. വനിതാ സംഘടനയായ ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ നടത്തിയ കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. ഡബ്ല്യുസിസിക്ക് പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്യുന്നു എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ വ്യക്തമാക്കി.

സംഘടനയ്ക്കകത്ത് നിന്നു കൊണ്ട് ഭാരവാഹികളെ ചീത്തവിളിക്കുന്നത് ശരിയല്ലെന്നാണ് കെ.പി.എ.സി ലളിത പ്രതികരിച്ചത്. സംഘടനയില്‍ നിന്ന് പുറത്തു പോയ നടിമാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് പറയട്ടെയെന്നും അവര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ നടപടിയെടുക്കേണ്ടെന്നത് അമ്മ ജനറല്‍ ബോഡി മീറ്റിംഗ് തീരുമാനമായിരുന്നു എന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം സിദ്ദിഖും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോഹന്‍ലാലിനെതിരെ ഇത്രയധികം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല.

ആരുടെയും ജോലി സാധ്യത കളയുന്ന സംഘടനയല്ല അമ്മ. ദിലീപ് രാജിക്കത്ത് നല്‍കിയത് ശരിതന്നെ. എന്നാല്‍ കുറ്റാരോപിതനാണെന്ന് തെളിഞ്ഞാല്‍ മാത്രം നടപടിയെടുത്താല്‍ മതിയെന്നായിരുന്നു ജനറല്‍ ബോഡി തീരുമാനം. എക്സിക്യൂട്ടീവിന് ഈ തീരുമാനത്തെ മറികടക്കാനാകില്ല. രാജി വച്ച് പോയ നടിമാരെ തിരിച്ചെടുക്കാന്‍ സാധിക്കില്ല. തിരികെ വരണമെങ്കില്‍ അവര്‍ അപേക്ഷിക്കണം. സംഘടനയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടി ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കാറില്ലെന്നും സിദ്ദിഖ് ആരോപിച്ചു.

ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിക്കുന്നത് ശരിയല്ലെന്നും അമ്മയുടെ കെട്ടുറപ്പിനെ ഈ പ്രശ്നങ്ങള്‍ ബാധിക്കില്ലെന്നും ഡബ്ല്യൂസിസിയുടേത് ഗൂഢാലോചനയെന്നും സിദ്ദിഖ് വ്യക്തമാക്കി. ദിലീപിനെതിരെ മാത്രമാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രതി പള്‍സര്‍ സുനിയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. സംഘടനയ്ക്കുള്ളില്‍ നിന്ന് പ്രസിഡന്റിനെ ചീത്തവിളിയ്ക്കുന്നത് ശരിയല്ല. അത്തരക്കാര്‍ക്കെതിരെ സംഘടന നടപടിയെടുക്കുമെന്നും സിദ്ദിഖ് അറിയിച്ചു.

Top