പള്ളിയില്‍ സ്ത്രീകള്‍ കയറുന്നതില്‍ സുപ്രീംകോടതി ഇടപെടേണ്ട;ബോര്‍ഡിന് ഇരട്ടത്താപ്പ് നയം?

മുസ്ലീം സ്ത്രീകള്‍ക്ക് പള്ളിയില്‍ കയറി പ്രാര്‍ത്ഥന നടത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതിയെ അറിയിച്ച ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ നിലപാട് ചര്‍ച്ചയാകുന്നു. ഇസ്ലാമില്‍ സ്ത്രീകള്‍ ഒരുമിച്ചുള്ള പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കിയിട്ടില്ലെന്ന ന്യായമാണ് ഇവര്‍ ഇതോടൊപ്പം ഉന്നയിച്ചത്. അങ്ങിനെ ഒരു നിര്‍ബന്ധം ഇല്ലാത്തത് കൊണ്ട് തന്നെ മതപരമായ വിഷയത്തില്‍ കോടതിക്ക് തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ലെന്നാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചത്.

ശബരിമല, മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്യുന്ന പാഴ്‌സി സ്ത്രീകളുടെ അഗിയാരികളിലേക്കുള്ള പ്രവേശനം എന്നീ വിഷയങ്ങളില്‍ ഹര്‍ജികള്‍ പരിശോധിക്കുന്ന സുപ്രീംകോടതിയിലാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഈ നിലപാട് സ്വീകരിച്ചത്. ‘ഒരു മുസ്ലീം സ്ത്രീക്ക് മസ്ജിദില്‍ പ്രവേശിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാണെങ്കില്‍ ഈ അവകാശം വിനിയോഗിക്കാന്‍ അവര്‍ക്ക് സാധിക്കും. മറ്റ് മതങ്ങളുടെ വിഷയങ്ങളില്‍ എഐഎംപിഎല്‍ബി പരാമര്‍ശം നടത്തില്ല’, ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ മുസ്ലീം സ്ത്രീകള്‍ പള്ളിയില്‍ കയറുന്നത് മതപരമായ തീരുമാനത്തിന് വിധേയമാണെന്നാണ് ഇവര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. ‘മതപരമായ നിയമങ്ങളും, ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങളുമാണ് ഹര്‍ജികളില്‍ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. മതപരമായ ആചാരങ്ങളില്‍ സുപ്രീംകോടതി ഇടപെടുന്നത് ശരിയാകില്ല’, ബോര്‍ഡ് പറഞ്ഞു.

മുത്താവാലിയാണ് പള്ളി കൈകാര്യം ചെയ്യുന്നത്. ഇവിടെ പ്രവേശിക്കുന്നവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് വ്യക്തിപരമായി തീരുമാനിക്കാം. ഇതിനെ ഭരണഘടനാ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ല. മുസ്ലീം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സമുദായ അംഗങ്ങള്‍ക്കൊപ്പം നില്‍ക്കില്ല. ഫത്വകള്‍ വിശ്വാസികള്‍ക്ക് വേണ്ടി മാത്രമാണെന്നും, ഇത് സ്വീകരിക്കാനും തള്ളാനും അവകാശമുണ്ട്, മുസ്ലീം വ്യക്തി നിയമബോര്‍ഡ് പറഞ്ഞു.

Top