ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുന്നത് ഗുരുതര സാഹചര്യമെന്ന് സുപ്രീം കോടതി

ന്യുഡൽഹി: ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ ദ്രോഹിക്കുമ്പോഴാണ് സ്ത്രീകൾക്കെതിരായ അതിക്രമം കൂടുതൽ ​ഗുരുതരമാകുന്നതെന്ന് സുപ്രീംകോടതി. സ്ത്രീധന പരാതിയുമായി ബന്ധപ്പെട്ട് ഭർതൃമാതാവിന്റെ ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പ്രസ്താവന.

എംആർ ഷാ, ബി.വി നാ​ഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. ഐപിസി 498A പ്രകാരം മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ച സ്ത്രീയുടെ അപ്പീലിന്മേൽ വിധി പറയുകയായിരുന്നു കോടതി. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ സംരക്ഷിക്കാതിരിക്കുമ്പോൾ ഇരയാക്കപ്പെടുന്നയാൾ കൂടുതൽ ദുർബലയാകാൻ ഇടവരുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു.

ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് അതായത് മരുമകളോട് ക്രൂരമായി പെരുമാറി കുറ്റകൃത്യം ചെയ്യുമ്പോൾ അത് കൂടുതൽ ​ഗുരുതരമായ തെറ്റാകുന്നു. ആ സ്ത്രീ, അതായത് ഭർതൃമാതാവ് മരുമകളെ സംരക്ഷിക്കുന്നില്ലെങ്കിൽ മരുമകൾ കൂടുതൽ ദുർബലയായി തീരുന്നു- കോടതി പറഞ്ഞു.

പീഡനത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ മാതാവാണ് മകളുടെ ഭർത്താവിനും ഭർതൃമാതാവിനും ഭർതൃസഹോദരിക്കും ഭർതൃപിതാവിനും എതിരെ പീഡന പരാതി സമർപ്പിച്ചത്. സ്വർണത്തിന്റെ പേരിൽ മകളെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ഇതുമൂലം മകൾ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും പരാതിയിൽ പറഞ്ഞിരുന്നു.

Top