ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ഗഗന്‍യാന്‍; ആദ്യ സംഘത്തില്‍ വനിതകളുണ്ടാകില്ല

ന്യൂഡല്‍ഹി: മനുഷ്യനെ കൊണ്ടുപോകുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിലെ ആദ്യ സംഘത്തില്‍ വനിതകളായ ബഹിരാകാശ സഞ്ചാരികള്‍ ഉണ്ടാവില്ല.

ഗഗന്‍യാന്‍ ദൗത്യത്തിലെ ആദ്യ സംഘത്തിലേയ്ക്ക് കര, വ്യോമ, നാവിക സേനകളിലെ ടെസ്റ്റ് പൈലറ്റുമാരെയാണ് ഐ.എസ്.ആര്‍.ഒ പരിഗണിക്കുന്നത്.

നിലവില്‍ സേനകളിലെ ടെസ്റ്റ് പൈലറ്റുമാരില്‍ ഒരു വനിത പോലും ഇല്ല എന്നതിനാല്‍ ആദ്യ ബഹിരാകാശ യാത്രികരുടെ സംഘത്തിലും വനിതകളുണ്ടാവില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയാണ് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിശീലനത്തിനായുള്ള ആദ്യ ബാച്ചില്‍ 12 പേരാണ് ഉണ്ടാകുക. 10,000 കോടി രൂപ ചെലവുള്ള ഗഗന്‍യാന്‍ ദൗത്യം 2022 ലാണു നിശ്ചയിച്ചിരിക്കുന്നത്.

സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ഭാരതീയനെ ബഹിരാകാശത്ത് എത്തിക്കുകയെന്നതാണ് ഗഗന്‍യാന്‍ പദ്ധതിയുടെ ലക്ഷ്യം. റഷ്യയുടെ സഹായത്തോടെയാണ് നിലവില്‍ പദ്ധതി പുരോഗമിക്കുന്നത്.

Top