‘ഷി ബോക്‌സ് ‘ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പ്

ന്യൂഡല്‍ഹി: ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഫയല്‍ ചെയ്യാന്‍ പുതിയൊരു ഓണ്‍ലൈന്‍ പോര്‍ട്ടലുമായി കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രാലയം.

‘ഷി ബോക്‌സ്’ അല്ലെങ്കില്‍ (Sexual Harassement e-box) എന്നു പേരിട്ടിരിക്കുന്ന പോര്‍ട്ടല്‍ കേന്ദ്ര വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി ഉദ്ഘാടനം ചെയ്തു.

നിലവില്‍ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരായ സ്ത്രീകള്‍ക്കു മാത്രമാണ് ഈ പോര്‍ട്ടലില്‍ പരാതികള്‍ ഫയല്‍ ചെയ്യാനാവുക. തുടര്‍ന്ന് ചില മാറ്റങ്ങളോടു കൂടി ഇത് സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രികള്‍ക്കിടയിലേക്ക് എത്തുമെന്നും മനേക ഗാന്ധി പറഞ്ഞു.

ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചറിയാനും അതിനെതിരെ നടപടിയെടുക്കുന്നതിനുമായി ഒരു ദേശീയ സര്‍വ്വെ നടത്താന്‍ മന്ത്രാലയം തീരുമാനിച്ച വിവരവും മന്ത്രി അറിയിച്ചു.

വനിതാ ശിശു വികസന വകുപ്പ് മന്ത്രി കൃഷ്ണ രാജ്, സെക്രട്ടറി രാകേഷ് ശ്രീവാസ്തവ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Top