സ്ത്രീകള്‍ക്ക് ഏറ്റവും അപകടകരമായ സ്ഥലം സ്വന്തം വീടാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്ക് ഏറ്റവുമധികം അപകടകരമായ ഇടം സ്വന്തം വീടാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം ഓഫീസാണ് ഏവരേയും ഞെട്ടിക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്‌വിട്ടത്.

‘ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ ദ എലിമിനേഷന്‍ ഓഫ് വയലന്‍സ് എഗൈന്‍സ്റ്റ് വിമന്‍’ (International Day for the Elimination of Violence Against Women) ദിനവുമായി ബന്ധപ്പെട്ടാണ് യു.എന്‍, കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന കൊലപാതകങ്ങളില്‍ പകുതിയിലേറെ സ്ത്രീകളും പങ്കാളികളാലോ, അവരുടെ ബന്ധുക്കളാലോ കൊല്ലപ്പെട്ടുവെന്നാണ് കണക്ക് പറയുന്നത്. ശരാശരി ഓരോ മണിക്കൂറിലും ലോകത്തിലാകെ ആറ് സ്ത്രീകള്‍ ഇങ്ങനെ ഭര്‍ത്താക്കന്മാരാല്‍ കൊല്ലപ്പെടുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

87,000 സ്ത്രീകള്‍ കൊല്ലപ്പെട്ടില്‍ 50,000 പേരും ഗാര്‍ഹികപീഡനത്താല്‍ കൊല്ലപ്പെട്ടവരാണ്. അതില്‍ 34 ശതമാനം പങ്കാളികളാലും, 24 ശതമാനം അവരുടെ ബന്ധുക്കളാലും ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഏറ്റവുമധികം സ്ത്രീകള്‍ കൊല്ലപ്പെടുന്നത് ഏഷ്യയിലാണ് (20000), പിന്നാലെ ആഫ്രിക്ക (19,000), അമേരിക്ക (8000). ഏറ്റവും കുറവ് യൂറോപ്പിലാണ് (3000).

പുരുഷന്മാരില്‍ അസൂയ, സംശയം, തിരസ്‌കരിക്കപ്പെടുമോ എന്നുള്ള ഭയം ഇവയെല്ലാം തങ്ങളുടെ പങ്കാളിയെ കൊലപ്പെടുത്താനുള്ള കാരണമായിത്തീര്‍ന്നിരുന്നു എന്നും കണക്കുകള്‍ പറയുന്നു.

ദുരഭിമാനക്കൊലകളും ഏറിവരുന്നുണ്ടെന്നും. കുടുംബത്തിന്റെ അന്തസിന് ഹാനികരമാകുമെന്ന് പേടിച്ച് പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നതില്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് തന്നെ പങ്കുണ്ടാകാറുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ഇത് മനുഷ്യാവകാശലംഘനമാണ്. സ്ത്രീകള്‍ക്ക് ആവശ്യമായ ബഹുമാനം കിട്ടുന്നില്ല. ഈ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം സ്ത്രീയുടെ മാന്യതയും തുല്യതയും മനസിലാക്കാത്ത പുരുഷന്റെ പരാജയമാണെന്നും യു.എന്‍ ജന.സെക്രട്ടറി അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.

Top