രോഗിയായ വീട്ടമ്മയെ കാറിനുള്ളില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ്; പെരുവഴിയില്‍ കിടന്നത് രണ്ട് ദിവസം

അടിമാലി: ഇടുക്കി അടിമാലിയില്‍ രോഗിയായ വീട്ടമ്മയെ കാറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരാണ് രണ്ട് ദിവസമായി ദേശീയ പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന കാറുനുള്ളില്‍ വീട്ടമ്മയെ കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അവശനിലയിലായ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചു.

വയനാട് സ്വദേശിനി ലൈലാമണിയാണ് ഇവരെന്നാണ് പോലീസിന് ലഭിച്ച വിവരം.വീട്ടമ്മയുടെ ശരീരത്തിന്റെ ഒരുവശം തളര്‍ന്ന നിലയിലാണ്.കട്ടപ്പന ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക് പോകുംവഴി അടിമാലിയില്‍ കാര്‍ നിര്‍ത്തി ഭര്‍ത്താവ് ശുചിമുറിയില്‍ പോയി, പിന്നീട് തിരിച്ച് വന്നില്ലെന്നാണ് വീട്ടമ്മ പോലീസിനോട് പറഞ്ഞത്. പൊലീസ് ഇവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

വാഹനത്തിന്റെ താക്കോലും വീട്ടുപകരണങ്ങളും കാറിനുള്ളില്‍ കണ്ടെത്തി. ചില ബാങ്ക് ഇടപാടുകളുടെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വയനാട് സ്വദേശി മാത്യുവിന്റെ കാറാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Top