വനിതാ മതിലിൽ സി.പി.എം നേരിടുന്നത് വലിയ അഗ്നിപരീക്ഷണം, എങ്ങും ജാഗ്രത

നുവരി ഒന്നിനു നടക്കുന്ന വനിതാ മതില്‍ പൊളിഞ്ഞാല്‍ അത് ഇടതുപക്ഷത്തിന് രാഷ്ട്രീയമായി വന്‍ തിരിച്ചടിയാകും.

വനിതാ മതിലിന് മറുപടിയായി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പ ജ്യോതി വന്‍വിജയമായത് ഇടത് കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. 765 കിലോമീറ്ററില്‍ മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ തീര്‍ത്ത ജ്യോതിയില്‍ 15 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

ഇത്രയും പേര്‍ വന്നതായ കണക്കുകള്‍ ഇടത് നേതാക്കള്‍ അംഗീകരിക്കുന്നില്ലെങ്കിലും, സംഘപരിവാറിന്റെ സ്വാധീനത്തിനും അപ്പുറം പങ്കാളിത്വം ഉണ്ടായതായി തന്നെയാണ് അവരും വിലയിരുത്തുന്നത്. സ്ത്രീകളുടെ വലിയ പങ്കാളിത്തം അയ്യപ്പ ജ്യോതിയില്‍ ഉണ്ടായതാണ് ഭരണപക്ഷത്തെ ശരിക്കും അമ്പരിപ്പിച്ചത്.

കേരളത്തില്‍ മനുഷ്യമതിലോ, മനുഷ്യചങ്ങലയോ തീര്‍ക്കാന്‍ സംഘടനാപരമായി ശക്തി ഇല്ലാത്ത ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പുതിയ സമര രീതിയെ ഗൗരവമായി തന്നെയാണ് സി.പി.എം നേതാക്കള്‍ കാണുന്നത്. എന്‍.എസ്.എസ് ഉള്‍പ്പെടെ വിവിധ ഹൈന്ദവ സംഘടനകളെ കൂട്ടുപിടിച്ചാണ് അയ്യപ്പ ജ്യോതി നടത്തിയതെങ്കിലും രാഷ്ട്രീയപരമായി അത് ബി.ജെ.പിക്കാണ് ഗുണം ചെയ്യുക എന്നാണ് നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

മതിലിന്റെയോ ചങ്ങലയുടേയോ പ്രഖ്യാപനം ബി.ജെ.പി നടത്താതിരുന്നതിനാല്‍ അയ്യപ്പ ജ്യോതിയിലെ വിള്ളല്‍ ചൂണ്ടിക്കാട്ടിയുള്ള പ്രചരണവും ഇനി വില പോകില്ല. 30 ലക്ഷം വനിതകളെ പങ്കെടുപ്പിച്ച് ജനുവരി ഒന്നാം തിയ്യതി നടത്തുമെന്ന് സര്‍ക്കാറും ഇടതു നേതാക്കളും പ്രഖ്യാപിച്ച വനിതാ മതില്‍ പൊളിയാതെ നോക്കുക മാത്രമേ ഇനി ഭരണപക്ഷത്തിനു മുന്നില്‍ മാര്‍ഗ്ഗമൊള്ളൂ.

നിരവധി വട്ടം മനുഷ്യചങ്ങല തീര്‍ത്ത് കേരളത്തെ അളന്ന ചരിത്രം സി.പി.എമ്മിനും യുവജന സംഘടനക്കും ഉള്ളതിനാല്‍ വനിതാ മതില്‍ പൊളിയില്ല എന്നു തന്നെയാണ് സി.പി.എമ്മിന്റെ ആത്മവിശ്വാസം.

പാര്‍ട്ടി അനുഭാവികളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലെ മുഴുവന്‍ സ്ത്രീകളെയും വനിതാ മതിലിനായി എത്തിക്കാനാണ് സി.പി.എം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എസ്.എന്‍.ഡി.പി യോഗമടക്കം വനിതാ മതിലിനോട് സഹകരിക്കുന്ന ജാതി സംഘടനകളുടെ ശക്തി മുഖവിലക്കെടുക്കാതെയാണ് ഈ കരുതല്‍.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വനിതാ മതില്‍ വന്‍ വിജയമായാല്‍ രാഷ്ട്രീയമായി നേട്ടം കൊയ്യാമെന്നാണ് സി.പി.എം വിലയിരുത്തല്‍. മറിച്ചായാല്‍ തിരഞ്ഞെടുപ്പിലെ സാധ്യതകളെ പോലും അത് ബാധിക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജനുവരി ഒന്നിനു വനിതാ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സാമൂഹിക സംഘടനകളുടെ യോഗത്തില്‍ ആയിരുന്നു നിര്‍ണ്ണായക തീരുമാനം. സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്നീട് വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരികയായിരുന്നു. ഇപ്പോള്‍ വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് സി.പി.എമ്മിന്റെ അഭിമാന പ്രശ്‌നമായി തന്നെ മാറി കഴിഞ്ഞു.

അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്കു നേരെ ചിലയിടങ്ങളില്‍ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ വനിതാ മതിലിന് ആവശ്യമായ സുരക്ഷ ഒരുക്കേണ്ട സാഹചര്യം പൊലീസിന് ഇപ്പോഴുണ്ട്. വനിതകളെ ദേശീയ പാതയില്‍ എത്തിക്കുന്നതിനായി പ്രത്യേക വാഹനങ്ങളും ചുമതലക്കാരായി വളണ്ടിയേഴ്‌സിനെയും സി.പി.എം നിയോഗിച്ചിട്ടുണ്ട്.

വനിതാ മതില്‍ വിജയമായാല്‍ അത് ലോക ചരിത്രത്തില്‍ തന്നെ പുതിയ ചരിത്രമായി മാറും. ഇത്രയധികം വനിതകള്‍ മതിലായി നിന്ന സംഭവം മറ്റെവിടെയും ചൂണ്ടിക്കാണിക്കാന്‍ ഉണ്ടാകില്ലെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

അതേസമയം, വനിതാ മതില്‍ വിള്ളല്‍ ഉള്ള സ്ഥലം നോക്കി ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ പ്രതിപക്ഷവും അണിയറയില്‍ തയ്യാറായി നില്‍ക്കുകയാണ്.

Top