രത്തന്‍ ടാറ്റയുടെ കാർ നമ്പർ സ്വന്തം വാഹനത്തിൽ പതിച്ച വനിതയ്ക്കെതിരെ പൊലീസ്

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ വാഹനത്തിന്റെ നമ്പർ സ്വന്തം വാഹനത്തിൽ പതിച്ച വനിത പിടിയിലായി. ഈ വാഹനം നിരവധി തവണ നിയമ ലംഘനം നടത്തിയതിനെത്തുടര്‍ന്ന് അധികാരികള്‍ പിഴയിട്ടപ്പോഴാണ് ഈ കാര്യം വെളിച്ചത്ത് വന്നത്. പിഴ ലഭിച്ചത് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയ്ക്കായിരുന്നു. തങ്ങളുടെ വാഹനം ഇത്തരത്തില്‍ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചതിനെത്തുടര്‍ന്ന് ട്രാഫിക് പോലീസ് സംഭവങ്ങള്‍ നടന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യഥാർത്ഥ കാർ ഉടമയെ തിരിച്ചറിഞ്ഞത്. രത്തന്‍ ടാറ്റയുടെ വിലാസത്തില്‍ അയച്ച ഇ-ചെലാനുകള്‍ അധികാരികള്‍ പിന്നീട് ഈ വനിതയ്ക്ക് കൈമാറി.

ന്യൂമറോളജി പ്രകാരം ജീവിതത്തില്‍ ഉന്നതങ്ങളിലേക്കെത്താന്‍ വേണ്ടി വര്‍ഷങ്ങളായി ഈ നമ്പർ ആയിരുന്നു ഉപയോഗിച്ചിരുന്നതെന്നും ഈ നമ്പര്‍ രത്തന്‍ ടാറ്റ ഉപയോഗിക്കുന്നതാണെന്ന് തനിക്ക് അറിവില്ലായിരുന്നെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്. വ്യാജനമ്പര്‍ പതിപ്പിച്ച യുവതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയുടെ മേധാവിയുടേതാണ് ഈ വാഹനമെന്നാണ് വിവരം. വഞ്ചന, രേഖകളില്‍ കൃത്രിമം കാണിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ഈ യുവതിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Top